ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവും; വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത്

sanju-samson-3
SHARE

കാത്തിരിപ്പിനും ആകാംഷയ്ക്കുമൊടുവില്‍ സഞ്ജു സാംസണ്‍ ട്വന്റി–20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍. കെ.എല്‍.രാഹുലിനെ ഒഴിവാക്കിയപ്പോള്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തി. രോഹിത് ശര്‍മ നയിക്കുന്ന 15 അംഗ ടീമില്‍ ഹര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. യൂസ്‌വേന്ദ്ര ചഹലിന് ടീമില്‍ ഇടം ലഭിച്ചപ്പോള്‍ ശുഭ്മാന്‍ ഗില്ലിനും റിങ്കു സിങ്ങിനും ഇടം റിസര്‍വ് നിരയില്‍ മാത്രമാണ്.

സഞ്ജു ആരാധകരുടെ ഏറെ നാളെ കാത്തിരിപ്പിനൊടുവില്‍ ആ വാര്‍ത്തയെത്തി. എസ്.ശ്രീശാന്തിന് ശേഷം ആദ്യമായി ഒരു മലയാളി ലോകപോരിനുള്ള ഇന്ത്യന്‍ ടീമിലേക്ക്. ഐപിഎല്ലിലെ മിന്നും പ്രകടനമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്നത്. വാഹനാപകടത്തിന് ശേഷം ഐപിഎല്ലിലൂടെയാണ് ഋഷഭ് പന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. മോശം ഫോമിലെങ്കിലും ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തി. ഐപിഎല്ലിലെ മിന്നും പ്രകടനം ഹാര്‍ഡ് ഹിറ്റര്‍ ശിവം ഡ്യുബെയ്ക്കും ടിക്കറ്റ് ഉറപ്പാക്കി. 

രാജസ്ഥാന്‍ റോയല്‍സിനായി പതിയെയാണ് തുടങ്ങിയതെങ്കിലും പിന്നീട് താളം കണ്ടെത്തിയ യശസ്വി ജയ്‌സ്വാളില്‍ സിലക്ടര്‍മാര്‍  വിശ്വാസത്തിലെടുത്തു. യുസ്‌വി ചഹല്‍ ടീമിലെത്തിയതാണ് സര്‍പ്രൈസിങ് എലമെന്റ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ചഹല്‍ അവസാനം ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത്. കുല്‍ദീപ് യാദവാണ് ടീമിനെ മറ്റൊരു റിസ്റ്റ് സ്പിന്നര്‍. വിന്‍ഡീസിലും അമേരിക്കയിലുമായി ജൂണ്‍ രണ്ട് മുതലാണ് ടൂര്‍ണമെന്റ് തുടങ്ങുക. ജൂണ്‍ അഞ്ചിന് ന്യൂയോര്‍ക്കില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യമല്‍സരം.  ഇനി ഒരുകാര്യം കൂടി. മലയാളി ടീമിലുള്ളപ്പോള്‍ മാത്രമാണ് ഇന്ത്യ ലോകകിരീടം ഉയര്‍ത്തിയിട്ടുള്ളത്. 83ല്‍ സുനില്‍ വല്‍സനും 2007ലും 2011ലും ശ്രീശാന്തും ലോകകിരീടത്തില്‍ മുത്തമിട്ടു. അങ്ങനെയെങ്കില്‍ ഇന്ത്യയുടെ കിരീടവരള്‍ച്ചയ്ക്ക് ഇക്കുറി അറുതിയാകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്തന്.

Sanju Samson in the Indian team for the World Cup

MORE IN BREAKING NEWS
SHOW MORE