ക്രിസ്മസ് ബംപർ 6 സീരീസെന്ന് വിജ്ഞാപനം; അച്ചടിച്ചത് 10 സീരീസ്; ആശയക്കുഴപ്പം

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് – ന്യൂ ഇയര്‍ ബംപര്‍ ലോട്ടറി വില്‍പനയില്‍ അടിമുടി ആശയക്കുഴപ്പം. ഗസറ്റ് വിജ്ഞാപനത്തിലും ലോട്ടറിയിലും നല്‍കിയിരിക്കുന്ന സമ്മാനഘടന വ്യത്യസ്തമാണ്. വില്‍പനക്കാര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ തുകയും കുറച്ചു. ആശയക്കുഴപ്പം പരിഹരിച്ചശേഷം ടിക്കറ്റ് വിറ്റാല്‍ മതിയെന്ന നിലപാടിലാണ് ലോട്ടറി തൊഴിലാളികള്‍.

വന്‍ വിജയമായിരുന്ന ഓണം ബംപര്‍ ലോട്ടറിയുടെ ചുവടുപിടിച്ചാണ് ക്രിസ്മസ്– ന്യൂ ഇയര്‍ ബംപര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. വില 400 രൂപ. ഒന്നാം സമ്മാനം 16 കോടി. തൊണ്ണൂറുലക്ഷം ടിക്കറ്റ് ഇറക്കും. ആകെ 281 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ഞൂറ് രൂപയ്ക്ക് വിറ്റ ഓണം ബംപറിന് ഒന്നാം സമ്മാനം 25 കോടി. പക്ഷേ നൂറുരൂപ മാത്രം കുറവുള്ള ക്രിസ്മസ്– ന്യൂ ഇയര്‍ ബംപറിന് 16 കോടി മാത്രം. ഗസറ്റ് വിജ്ഞാപനത്തില്‍ ആറ് സീരീസ് എന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും ടിക്കറ്റ് പത്ത് സീരീസിലുണ്ട്. ഓരോ സീരീസിലും രണ്ടുവീതം രണ്ടാം സമ്മാനമെന്നാണ് വിജ്ഞാപനം. 

പക്ഷേ ടിക്കറ്റില്‍ ഓരോ സീരീസിലും ഓരോ സമ്മാനം. അവസാന നാല് അക്കത്തിന് അയ്യായിരം രൂപയെന്നിന് പകരം അഞ്ച് അക്കത്തിനെന്നാണ് ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേയാണ് വില്‍പനക്കാര്‍ക്ക് നല്‍കിയിരുന്ന കമ്മീഷനില്‍ മൂന്ന് രൂപയിലധികം കുറവ് വരുത്തിയത്. അച്ചടിയിലുണ്ടായ പിശകെന്നാണ് ലോട്ടറി വകുപ്പ് നല്‍കിയ വിശദീകരണം. 

Confusion in Christmas Bumper lottery prize