ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് പ്രശ്നമായി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 95 ശതമാനം ബൂത്തുകളിലും ആറുമണിയോടെ പോളിങ് പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍. വോട്ടിങ് യന്ത്രങ്ങള്‍ക്ക് കഴിഞ്ഞ തവണത്തെയത്ര പ്രശ്നങ്ങളുണ്ടായില്ലെന്നും എന്നാല്‍ ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് ചിലയിടങ്ങളില്‍ പ്രശ്നമായെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

അസാധാരണമാം വിധം രാത്രി വൈകിയും ഇന്നലെ പോളിങ് തുടര്‍ന്നിരുന്നു. നിലവില്‍ 71.16 ശതമാനമാണ് പോളിങ്. എന്നാല്‍ വീട്ടിലെ വോട്ടും പോസ്റ്റല്‍ വോട്ടുകളും ചേരുന്നതോടെ ഇതില്‍ ഇനിയും മാറ്റം വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. കൂടുതല്‍ പോളിങ് വടകരയിലും കണ്ണൂരുമാണ്. വടകരയില്‍ 77.91 ശതമാനവും  കണ്ണൂരില്‍ 77.23 ശതമാനവും പേര്‍ വോട്ട് രേഖപ്പെടുത്തി. 63.35 ശതമാനം പേര്‍ വോട്ട് ചെയ്ത പത്തനംതിട്ടയിലാണ് കുറവ് പോളിങ്.വടകരയിലെയും കോഴിക്കോട്ടെയും ഏതാനും ബൂത്തുകളില്‍ പോളിങ് അര്‍ധരാത്രിവരെ നീണ്ടത് വിവാദത്തിന് വഴിവച്ചു.  വടകര മണ്ഡലത്തിലെ ഓര്‍ക്കാട്ടേരി, മാക്കുല്‍പീടിക, നരിക്കുന്ന് എന്നിവിടങ്ങളില്‍ 12 മണിക്കാണ് പോളിങ് അവസാനിച്ചത്. 

Experienced officers shortage creates some problems during polling, says CEO