ബവ്കോ ഔട്​ ലെറ്റുകൾ പ്രീമിയം കൗണ്ടറുകളാക്കുന്നു; എം.ഡി സര്‍ക്കുലര്‍ അയച്ചു

ബവ്കോ ഔട്്ലെറ്റുകളെല്ലാം ഓഗസ്റ്റ് 1 നു മുന്‍പ് പ്രീമിയം ഔട്്ലെറ്റുകളായി മാറും. വീഴ്ച വരുത്തിയാല്‍ റീജിയണല്‍ മാനേജര്‍മാര്‍ക്കെതിരെ നടപടി വരുമെന്നു എം.ഡിയുടെ സര്‍ക്കുലര്‍. 163 എണ്ണത്തിലാണ് വോക്ക് ഇന്‍ സംവിധാനം ഇല്ലാതെ ഔട്്ലെറ്റുകളായി പ്രവര്‍ത്തിക്കുന്നത്.  

പൊരിവെയിലത്തും, പെരു മഴയത്തും ക്യൂ നിന്നു  ഔട്്ലെറ്റുകളില്‍ നിന്നും മദ്യം വാങ്ങുന്ന രീതി അപ്പാടെ മാറുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ ക്യാരി ബാഗുമായി പ്രീമിയം ഔട്്ലെറ്റുകളിലെത്തി ഇഷ്ടമുള്ള ബ്രാന്‍ഡ് തിരഞ്ഞെടുത്ത് പണം നല്‍കി മടങ്ങാം. 

ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയും പണം നല്‍കാം. 2000 സ്ക്വയര്‍ഫീറ്റാണ് ഓരോ പ്രീമിയം ഔട്്ലെറ്റിനും ആവശ്യമുള്ള സ്ഥലമായി നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഔട്്ലെറ്റുകളില്‍ ഇതിനുള്ള സ്ഥലമുണ്ടെങ്കില്‍ അവിടെ തന്നെ പ്രവര്‍ത്തിക്കാം. അല്ലെങ്കില്‍ മറ്റൊരു സ്ഥലത്തേക്ക് മാറണം. രണ്ടായാലും ഓഗസ്റ്റ് ഒന്നിനു മുന്‍പ് വാക്ക് ഇന്‍ കൗണ്ടറായില്ലെങ്കില്‍ റീജിയണല്‍ മാനേജര്‍മാര്‍ക്ക് പണി കിട്ടുമെന്നും എം.ഡി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്ന 267 ഔട്്ലെറ്റുകളില്‍ 163 എണ്ണമാണ് വാക്ക് ഇന്‍ കൗണ്ടറല്ലാതെ പ്രവര്‍ത്തിക്കുന്നത്. 

ഇതു കൂടാതെ നേരത്തെ പൂട്ടിപ്പോയ 68 ഔട്്ലെറ്റുകളും എത്തുന്നത് പ്രീമിയം കൗണ്ടറുകളായാണ്. പുതിയ മദ്യനയത്തില്‍ എല്ലാ വില്‍പനശാലകളും ഉടന്‍ പ്രീമിയം കൗണ്ടറുകളാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.