പുതുവത്സരത്തലേന്ന് റെക്കോർഡ് മദ്യവിൽപന; ആദ്യ 3 സ്ഥാനങ്ങൾ ഈ ജില്ലകളിൽ

തിരുവനന്തപുരം: പുതുവത്സരത്തലേന്ന് ചരിത്രത്തിലെ ഏറ്റവും വലിയ മദ്യവിൽപനയ്ക്കു സാക്ഷ്യം വഹിച്ചു കേരളം. ബവ്റിജസ് കോർപറേഷന്റെയും കൺസ്യൂമർഫെഡിന്റെയും വിൽപനശാലകൾ വഴി മാത്രം വിറ്റതു 96.86 കോടി രൂപയുടെ മദ്യം. ഇന്നലെ ഡ്രൈ ഡേ ആയതും 31ലെ വിൽപന ഉയരാൻ കാരണമായി.

ബവ്കോ 82.26 കോടി രൂപയുടെയും കൺസ്യൂമർഫെഡ് 14.60 കോടി രൂപയുടെയും മദ്യമാണു വിറ്റത്. ക്രിസ്മസ് തലേന്നത്തെ വിൽപനയിലേതുപോലെ തിരുവനന്തപുരം പവർഹൗസ് റോഡിലെ വിൽപനകേന്ദ്രം പുതുവത്സരത്തലേന്നും ഒന്നാം സ്ഥാനം നിലനിർത്തി. 1.07 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ഒരു മദ്യവിൽപനകേന്ദ്രത്തിലെ പ്രതിദിന വിൽപന ഒരു കോടി കടക്കുന്നത് ആദ്യമാണ്.

രണ്ടാമതു പാലാരിവട്ടവും (81.34 കോടി) മൂന്നാമതു കടവന്ത്ര (77.33 കോടി)യുമാണ്. കഴിഞ്ഞ പുതുവത്സരത്തലേന്ന് ബവ്കോയിലെ ആകെ വിൽപന 70.55 കോടിയായിരുന്നു. ഇത്തവണ ക്രിസ്മസ് തലേന്ന് ബവ്കോ 65 കോടിയുടെയും കൺസ്യൂമർഫെഡ് 11.5 കോടിയുടെയും മദ്യം വിറ്റു.