മദ്യവില കൂട്ടാനും നീക്കം: കമ്പനികളും ബെവ്കോയും സർക്കാരിനെ സമീപിച്ചു

മദ്യത്തിന്‍റെ വില അടുത്തമാസം വര്‍ധിപ്പിച്ചേക്കുമെന്നു സൂചന. സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്‍റെ വിലവര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബവ്കോയും സര്‍ക്കാറിനെ സമീപിച്ചു. വിലവര്‍ധനാഭാരം ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാതെ വര്‍ധനയ്ക്കാനുപാതികമായി നികുതി കുറയ്ക്കുന്നതും സര്‍ക്കാരിന്‍റെ പരിഗണനയിലാണ്.  

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡാണ് ജവാന്‍ റം നിര്‍മിക്കുന്നത്. ലീറ്റര്‍ 57 രൂപയായിരുന്ന സ്പിരിറ്റ് 67 ലേക്കെത്തിയതോടെ വിലവര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നാണ് ബവ്കോ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇതോടെ വിലവര്‍ധിക്കുമെന്നുറപ്പായി. 

വില വര്‍ധന എങ്ങനെ വേണമെന്നാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചന മുറുകുന്നത്. ഇനിയും വിലവര്‍ധിപ്പിച്ചാല്‍ വ്യാജമദ്യം കൂടുന്നതിനു കാരണമാകുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടു തന്നെ മദ്യത്തിനു വിലവര്‍ധിപ്പിച്ച് വിലവര്‍ധന ഉപഭോക്താക്കളിലെത്താതെ നികുതി കുറയ്ക്കുകയെന്ന ആശയവും ബലപ്പെട്ടിട്ടുണ്ട്. ഇരുപതുശതമാനം മുതലുള്ള  വര്‍ധനയാണ് കമ്പനികളുടെ ആവശ്യം. കൊറോണക്കാലത്തിനു ശേഷം വരുത്തിയ 35 ശതമാനം  വര്‍ധന  ഇതുവരെയും പിന്‍വലിച്ചിട്ടില്ല. ഇതു പിന്‍വലിച്ച് 10 ശതമാനം മുതലുള്ള വര്‍ധന കമ്പനികള്‍ക്ക് നല്‍കാമെന്നുള്ള ആലോചനയാണ് നടക്കുന്നത്

നിലവില്‍ ഒരു കുപ്പി മദ്യത്തിനു മേല്‍ 237 ശതമാനം നികുതിയാണ് ഈടാക്കുന്നത്. നികുതി കുറയ്ക്കാതെ 600 രൂപ വിലയുള്ള ഒരു ലീറ്റര്‍ ജവാന്‍ മദ്യത്തിനു പത്തു ശതമാനം വിലവര്‍ധിപ്പിച്ചാല്‍ 60 രൂപ വരെ വര്‍ധിക്കും.