തിരുവല്ല സന്ദീപ് വധം: നാലുപ്രതികള്‍ പിടിയില്‍; ഒരാൾക്കായി തിരച്ചിൽ

സിപിഎം തിരുവല്ല പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിൽ നാലു പേർ അറസ്റ്റിൽ. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു ജിഷ്ണുവാണ് മുഖ്യപ്രതി. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പി.ബി.സന്ദീപ് കുമാറിന്റെ സംസ്കാരം വൈകുന്നേരം ചാത്തങ്കരിയിലെ വീട്ടുവളപ്പിൽ. ചാത്തങ്കരി സ്വദേശിയും ബിജെപിയുടെ സജീവ പ്രവർത്തകനുമായിരുന്ന ജിഷ്ണു. ഇയാളുടെ  സുഹൃത്തുക്കളും ക്രിമിനൽ പശ്ചാത്തലമുള്ളവരുമായ പ്രമോദ്, നന്ദു, മുഹമ്മദ് ഫൈസൽ എന്നിവരെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റു ചെയ്തത്. കൊലപതാകത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച സംഘത്തെ ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ നിന്നാണ് പിടികൂടിയത്. കണ്ണൂർ ജില്ലക്കാരനായ മുഹമ്മദ് ഫൈസലിനെ ജയിലിൽ വെച്ചാണ് ജിഷ്ണു പരിചയപ്പെടുന്നത്. അതുകൊണ്ട് തന്നെ കൊലപാതകത്തിന് കൃത്യമായ മുന്നൊരുക്കം നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ

കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരമാണ്. നഗരസഭയിലും അഞ്ച് സമീപ പഞ്ചായത്തുകളിലും വൈകിട്ട് ആറുവരെയാണ് ഹർത്താൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം സന്ദീപ് കുമാറിൻ്റെ മൃതദേഹം സി പി എം തിരുവല്ല ഏരിയാ കമ്മിറ്റി ഓഫിസ്, പെരിങ്ങര ലോക്കൽ കമ്മിറ്റി ഓഫിസ്, പെരിങ്ങര പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വെയ്ക്കും. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസാണെന്ന് സി പി എം ആവർത്തിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് ബിജെപിയുടെ മറുപടി.