രോഷച്ചൂടില്‍ കോൺഗ്രസ് മാർച്ച്; സംഘർഷം: കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ചു

ആലുവയിൽ നിയമ വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിൽ കോൺഗ്രസ് നടത്തിയ എസ്.പി.ഓഫീസ് മാർച്ച് സംഘർഷഭരിതം. ആരോപണ വിധേയനായ സി.ഐയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിച്ച ബഹുജന മാർച്ച് ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് പൊലീസ് ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ചതോടെ സംഘർഷഭരിതമായി. കല്ലേറിനെത്തുടർന്ന് പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല. ഹൈബി ഈഡൻ മാർച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ വീണ്ടും സ്ഥലം സംഘർഷഭരിതമായി. വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. തൊട്ടുപിന്നാലെ കണ്ണീർവാതകവും പ്രയോഗിച്ചതോടെ പ്രവർത്തകർ ചിതറിയോടി. അഞ്ച് പ്രവർത്തകർക്ക് പരുക്കേറ്റു. 

വീണ്ടും പ്രവർത്തകർ സംഘടിച്ചെത്തിയതോടെ പൊലീസ് ബാരിക്കേഡ് കടന്ന് മുൻപിലേക്ക് എത്തി. എന്നാൽ പിന്നീട് പൊലീസ് പിൻവാങ്ങി. വനിതാപ്രവർത്തകർ ഉൾപ്പെടെ ടയർ കത്തിച്ച് പ്രതിഷേധം തുടർന്നു. ഇതിനിടെ കൂടുതൽ പ്രവർത്തകർ സ്ഥലത്തേക്ക് എത്തി. ഒടുവിൽ രണ്ട് മണിക്കൂറോളം നീണ്ട പ്രതിഷേധം തുടർസമരപരിപാടി ഉണ്ടാകുമെന്ന് പ്രഖ്യാപനത്തോടെ ഡിസിസി അവസാനിപ്പിച്ചു. പിരിഞ്ഞു പോകുമ്പോൾ പ്രവർത്തകർ മുട്ടയെറിഞ്ഞെങ്കിലും പൊലീസ് സംയമനം പാലിച്ചു.