ഇഴയുന്ന കലുങ്ക് പണി കാരണം വെള്ളവും വഴിയുമില്ലാതെ 25കുടുംബങ്ങള്‍.പത്തനംതിട്ട കോന്നി എലിയറയ്ക്കല്‍ വലിയ കലുങ്ക് നിര്‍മാണമാണ് ഇഴയുന്നത്.പൊളിച്ചിട്ട കല്ലുകള്‍ കൂടി കാരണമാണ് വഴി അടഞ്ഞത്.കാലാവസ്ഥയാണ് തടസമെന്നും പണി ഉടന്‍ തീരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോന്നി എലിയറയ്ക്കല്‍ വലിയ കലുങ്ക് നിര്‍മാണത്തിനായി പഴയ കലുങ്കും കെട്ടും പൊളിച്ചു. നിര്‍മാണം തുടങ്ങി മാസങ്ങളായിട്ടും പണി പൂര്‍ത്തിയായില്ല.നിലവില്‍ കോണ്‍ക്രീറ്റ് കഴിഞ്ഞു.കൂടിക്കിടക്കുന്ന കല്ലുകളും അപ്രോച്ച് റോഡ് ഇല്ലാത്തതും കാരണം വഴിയടഞ്ഞു. 25 കുടുംബങ്ങളെ വഴി ഇല്ലാത്തത് ബാധിച്ചു. 25 വീടുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പ് ഹൗസിലേക്കും ഒരുമാസമായി കയറാന്‍ കഴിയുന്നില്ല. ഒരുമാസമായി പമ്പിങ്ങില്ലാത്തതിനാല്‍ കുടിവെള്ള പ്രശ്നം ഉണ്ട്. വെള്ളം കെട്ടിക്കിടക്കുന്നത് കാരണം പൈപ്പ് തുരുമ്പിച്ചെന്നും നാട്ടുകാര്‍ പറയുന്നു.
പഴയ കലുങ്ക് അപകടാവസ്ഥയില്‍ ആയിരുന്നു എന്നും നിലയ്ക്കാത്ത മഴയാണ് പണി വൈകാന്‍ കാരണമെന്നും പഞ്ചായത്തംഗം റോജി അബ്രഹാം പറഞ്ഞു. മണ്ണിന്‍റെ സ്വഭാവവും പ്രശ്നമാണ്.തോട്ടിലെ കുത്തൊഴുക്കും ബാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ മണ്ണിട്ട് അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും കോണ്‍ക്രീറ്റിനായി 3ലക്ഷം വകയിരുത്തിയത് ഉടന്‍ പാസാവുമെന്നും മരാമത്ത് വിഭാഗം എ.ഇ.അഭിജിത്ത് പറഞ്ഞു