രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഉറ്റ സുഹൃത്ത് ഫെനി നൈനാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റു. ഫെനി മത്സരിച്ച അടൂര്‍ നഗരസഭയിലെ എട്ടാംവാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ജയം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ 23–കാരി നല്‍കിയ പീഡന പരാതിയില്‍ ഫെനി നൈനാനും ആരോപണ വിധേയനായിരുന്നു. ഫെനിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം ഉയര്‍ന്ന ആരോപണം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം ഗൂഢാലോചനയെന്നായിരുന്നു എംഎല്‍എയ്ക്കൊപ്പം ആരോപണ വിധേയനായ ഫെന്നി നൈനാന്‍റെ വാദം. ഇങ്ങനെ ഒരു പരാതിക്കാരിയെക്കുറിച്ച് അറിയില്ലെന്നും മുൻപും തനിക്കെതിരെ പല ആരോപണവും വന്നിരുന്നു എന്നും, ഒന്നില്‍പ്പോലും കേസ് ഇല്ലെന്നുമായിരുന്നു ഫെനി നൈനാന്‍റെ വാദം.
പ്രണയം നടിച്ച് ഹോംസ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചെന്ന് ഇരുപത്തിമൂന്നുകാരി വിദ്യാര്‍ഥിനിയാണ് കെപിസിസിക്കും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഇമെയില്‍ വഴി പരാതി നല്‍കിയത്. കെപിസിസി പ്രസിഡന്‍റ് പരാതി ഡിജിപിക്ക് കൈമാറുകയുമായിരുന്നു. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രാഹുലിനെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.
ഈ കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ മൂന്‍കൂര്‍ ജാമ്യം ലഭിച്ചശേഷം ഇലക്ഷന്‍ ദിവസമാണ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പാലക്കാട്ടെ നീലപ്പെട്ടി വിവാദത്തിലും ഫെനി നൈനാന്‍ ഉള്‍പ്പെട്ടിരുന്നു.