സ്വന്തം ചെക്ക് സ്വീകരിച്ച് ജപ്തി ഒഴിവാക്കാന്‍ കഴിയില്ലെന്ന് ബാങ്ക്; പരാതി

സ്വന്തം ചെക്ക് സ്വീകരിച്ച് ജപ്തി ഒഴിവാക്കാന്‍ കഴിയില്ലെന്ന് ബാങ്ക് അടൂര്‍ പഴകുളം സര്‍വീസ് സഹകരണ ബാങ്ക്. അടൂര്‍ സ്വദേശിയാണ് ജപ്തി ഒഴിവാക്കാന്‍ പഴകുളം സര്‍വീസ് സഹകരണ ബാങ്കിന്റെ ചെക്ക് തന്നെ നല്‍കിയിട്ടും സ്വീകരിക്കാതെ കുടുങ്ങിയത്. ഗുരുതര ക്രമക്കേടുകള്‍ നടന്നുവെന്ന് കണ്ടെത്തിയ ബാങ്കാണ് പഴകുളം സര്‍വീസ് സഹകരണ ബാങ്ക്.

പത്തനംതിട്ട അടൂർ മേലൂട് സ്വദേശി പ്രകാശ് വീടും പത്ത് സെന്‍റ് സ്ഥലവും വച്ച് ആകെ അഞ്ച് ലക്ഷം രൂപ വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങിയതോടെ വീടും വസ്തുവും ലേലത്തിൽ വയ്ക്കാൻ ബാങ്ക് തീരുമാനിച്ചു. ഇതിനിടെ പഴകുളം സർവ്വീസ് സഹകരണ ബാങ്കിൽ നിക്ഷേപമുള്ള ഒരു സുഹൃത്ത് 10,23,000 രൂപയുടെ ചെക്ക് പ്രകാശിന് നൽകി. ഇതേ ബാങ്കിന്‍റെ ചെക്ക് സ്വീകരിക്കാന്‍ പറ്റില്ലെന്നായിരുന്നു ബാങ്കിന്‍റെ നിലപാട്.

തന്‍റെ അക്കൗണ്ടില്‍ നിന്ന് തന്നെ ബാങ്ക് രണ്ടേകാല്‍ ലക്ഷത്തോളം രൂപ പിടിച്ചെടുത്തിട്ടും 74,000 രൂപയേ രേഖകളില്‍ ഉള്ളുവെന്നും പ്രകാശിന്‍റെ പരാതിയുണ്ട്.   ലേലം ഒഴിവാക്കി വായ്പാതുക തിരിച്ചടക്കാൻ പരമാവധി സമയം നൽകിയെന്നും തങ്ങളുടെ ബാങ്കിന്‍റ് തന്നെ ചെക്ക് വായ്പാ തിരിച്ചടവിനായി തന്നാൽ സ്വീകരിക്കാൻ കഴിയില്ലെന്നും ബാങ്ക് പ്രതിസന്ധിയിലാകും എന്നാണ്  വിശദീകരണം. പ്രകാശ് മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും റജിസ്ട്രാർക്കും പരാതി നൽകിയിട്ടുണ്ട്.