കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ കുട്ടവ‍ഞ്ചികൾ നശിച്ചു തുടങ്ങി; പുതിയവ വേണമെന്ന് തൊഴിലാളികള്‍

Kuttavanch-konni
SHARE

പത്തനംതിട്ട കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ കുട്ടവ‍ഞ്ചികൾ നശിച്ചു തുടങ്ങിയിട്ടും  പുതിയവ എത്തിക്കുന്നില്ല എന്ന് ആരോപിച്ച് തൊഴിലാളികൾ. ഹോഗനക്കലിൽ നിന്നാണ് നേരത്തെ കുട്ടവഞ്ചികൾ എത്തിച്ചത്. വനം വകുപ്പ് കോന്നി ഡിവിഷനിലെ വന വികാസ ഏജൻസിയുടെ കീഴിലാണ് തണ്ണിത്തോട് അടവി ഇക്കോ ടൂറിസം പദ്ധതിയുടെ കുട്ടവഞ്ചി സവാരി കേന്ദ്രം പ്രവർത്തിക്കുന്നത്.  

കുട്ടവഞ്ചി നിർമിച്ചിരിക്കുന്ന മുളയുടെ പൊളികൾ ഒടിഞ്ഞുതുടങ്ങിയപ്പോൾ തന്നെ പുതിയവ എത്തിക്കണമെന്ന് തുഴച്ചിലുകാർ ആവശ്യപ്പെട്ടിരുന്നു.  കല്ലാറ്റിലെ മുണ്ടോംമൂഴി കടവിൽ 9 വർഷം മുൻപാണ് കുട്ടവഞ്ചി സവാരി ആരംഭിച്ചത്. ആദ്യത്തെ കുറെ വർഷങ്ങളിൽ കുട്ടവഞ്ചി നാശാവസ്ഥയിലെത്തും മുൻപ് തന്നെ പുതിയ കുട്ടവഞ്ചികൾ എത്തിച്ച് സഞ്ചാരികൾക്ക് സുരക്ഷിതമായ സവാരി ഒരുക്കിയിരുന്നു. നിലവിൽ കുട്ടവഞ്ചിയിൽ നിന്ന് മികച്ച വരുമാനം ലഭിക്കുമ്പോഴും യഥാസമയം പുതിയ കുട്ടവഞ്ചി എത്തിക്കുന്നില്ല എന്നാണ് തൊഴിലാളികളുടെ ആരോപണം. 

കഴിഞ്ഞ വർഷം മേയിൽ ഹൊഗനെക്കൽ നിന്നാണ് 27 കുട്ടവഞ്ചികൾ എത്തിച്ചത്. സാധാരണ നിലയിൽ ഒരു വർഷമാകുമ്പോഴേക്കും കുട്ടവഞ്ചികളുടെ പൊളി ഒടിഞ്ഞുതുടങ്ങും.  കുട്ടവഞ്ചി തയാറാക്കുന്ന മുളയുടെ ഗുണമേൻമ അനുസരിച്ച് ഇവയുടെ കാലാവധിയിൽ മാറ്റമുണ്ടാകാം. കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നിലവിൽ 25 തുഴച്ചിൽ തൊഴിലാളികളാണുള്ളത്. ഇവരിൽ ഓരോരുത്തർക്കും പ്രത്യേകമായി കുട്ടവഞ്ചികൾ നൽകിയിട്ടുണ്ട്. നിലവിൽ ഇവിടെയുള്ള കുട്ടവഞ്ചികളിൽ ഏറെയും നാശാവസ്ഥയിലാണ്.

ഓരോ വർഷവും പുതുതായി കുട്ടവ‍ഞ്ചി എത്തിക്കുമ്പോൾ കുട്ടവഞ്ചിയിൽ ഉപയോഗിക്കുന്ന ഷീറ്റ്, ഇരിപ്പിടം എന്നിവയും മാറ്റാറുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഇവ മാറിയിരുന്നില്ല. അതിനാൽ ഷീറ്റ്, ഇരിപ്പിടം എന്നിവയും വൃത്തികേടായി.  ടൂറിസം കേന്ദ്രങ്ങളിൽ മികച്ച വരുമാനം അടവിയിൽ ഉണ്ടായിട്ടും തുടക്ക കാലത്ത് ഉള്ള ഇൻസെന്‍റീ റീവ് തുക മാത്രമാണ് ഇപ്പോഴും കിട്ടുന്നതെന്ന് തുഴച്ചിലുകാർക്ക് പരാതിയുണ്ട്.  ഉടൻ നടപടികൾ പൂർത്തിയാക്കി പുതിയ കുട്ടവഞ്ചികൾ എത്തുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

konni adavi eco tourism center need new kuttavanchi

MORE IN SOUTH
SHOW MORE