മാലിന്യകൂമ്പാരം, അരനൂറ്റാണ്ടു പിന്നിട്ട പൊതുശുചിമുറി നരകമായെന്ന് നാട്ടുകാര്‍

പത്തനംതിട്ട കോഴഞ്ചേരിയിലെ  അരനൂറ്റാണ്ടു പിന്നിട്ട പൊതുശുചിമുറി നരകമായെന്ന് നാട്ടുകാര്‍. കാടുകയറിയതോടെ മാലിന്യം തള്ളാനുള്ള ഇടമായി. ഈ മാലിന്യം ഒഴുകിയിറങ്ങുന്നത് പമ്പാനദിയിലേക്കാണ്. 

കോഴഞ്ചേരി വലിയപാലത്തിന് തൊട്ടടുത്താണ് 1966ല്‍ നിര്‍മിച്ച ശുചിമുറി. നഗരഹൃദയത്തോട് ചേര്‍ന്നു തന്നെ. കാല്‍ നൂറ്റാണ്ടിലധികമായി ഉപയോഗശൂന്യമായി കാടു കയറി നശിച്ചിട്ട്. ഇപ്പോള്‍ മാലിന്യം തള്ളാനുള്ള ഇടമായി. സമീപത്തെ കച്ചവടക്കാരടക്കം മാലിന്യം തള്ളുന്നത് ഇവിടെയാണ്. സഹിക്കാന്‍ കഴിയാത്ത ദുര്‍ഗന്ധം. പഴയ കെട്ടിടത്തിന്‍റെ ഭാഗങ്ങള്‍ അടക്കം കാടൂമൂടിക്കഴിഞ്ഞു.

ഇവിടെ തള്ളുന്ന ഭക്ഷണാവശിഷ്ടവും, ഡയപ്പറുകളും അടക്കമുള്ള മാലിന്യം ഒഴുകിയിറങ്ങുന്നത് പമ്പയാറ്റിലേക്കാണ്. ഇതിന്‍റെ തൊട്ടുതാഴെയാണ് മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്നത്. നാല് സെന്‍റോളം ഭൂമിയാണ് ഇങ്ങനെ തകര്‍ന്ന് കാട് കയറിക്കിടക്കുന്നത്. ഫലപ്രദമായി ഉപയോഗിക്കാന്‍ നടപടി വേണം എന്നാണ് പഞ്ചായത്തിനോടുള്ള അപേക്ഷ.

Pathanamthitta toilet