കനത്ത ചൂടില്‍ കുട്ടനാട്ടിൽ നെല്ലുൽപാദനത്തിൽ വൻ ഇടിവ്

Hot-paddy-land
SHARE

കനത്ത ചൂടിൽ നെൽകാർഷിക മേഖലയിൽ വൻ നഷ്ടം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന വിശാല കുട്ടനാട്ടിൽ നെല്ലുൽപാദനത്തിൽ വൻ ഇടിവാണുണ്ടായത്. നെൽകാർഷിക മേഖലയയെ ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ച് നഷ്ടപരിഹാരവും സഹായവും ഉറപ്പാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. 

കുട്ടനാട്ടിൽ ഉഷ്ണതരംഗത്തിൽ നെല്ലെല്ലാം പതിരായ പ്പോൾ ഉൽപാദനം നാലിലൊന്നായി. കതിരിലെ പാലു വറ്റി നമണിയാകാതെ പോയതാണ് കാരണമെന്ന് കർഷകർ. ഒരേക്കർ പാടത്ത് നിന്ന് ശരാശരി 2500 കിലോ നെല്ല് കിട്ടിയിരുന്ന സ്ഥാനത്ത് അപ്പർ കുട്ടനാട്ടിലെയും കോട്ടയം ജില്ലയിലെയും മിക്ക കർഷകർക്കും കിട്ടിയത് 300-350 കിലോ ഗ്രാം നെല്ല് മാത്രം. അപ്പർ കുട്ടനാടിനു പുറമേ കുമരകം, നാട്ടകം കുമാരനല്ലൂർ, തിരുവാർപ്പ്, ചങ്ങനാശേരി, ചെന്നിത്തല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നെല്ലുൽപാദനത്തിൽ വൻ ഇടിവുണ്ടായി. 

കൊയ്ത്ത് യന്ത്രം ഒരു മണിക്കൂർ പാടത്തിറക്കാൻ 1800 രൂപ നൽകണം. എന്നാൽ ആ തുകയ്ക്കുള്ള നെല്ല് പോലും കിട്ടുമെന്ന് ഉറപ്പില്ല. ആ നഷ്ടം കൂടി സഹിക്കേണ്ടി വരുമെന്നതിനാൽ ചിലർ കൊയ്ത്ത് ഉപേക്ഷിച്ചു.  ചെറുകിട കർഷകരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഉൽപാദന നഷ്ടത്തിൽ സർക്കാർ സഹായം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. നെല്ല് സംഭരണത്തിൽ വൻതോതിൽ കിഴിവ് ഈടാക്കുന്നതിനു പുറമേ ഉൽപാദനവും കുറഞ്ഞതോടെ കർഷകരുടെ പ്രതിസന്ധി രൂക്ഷമായി. നെൽ കർഷകർ വ്യാഴാഴ്ച കോട്ടയത്ത് പ്രതിഷേധ സംഗമം നടത്തും. 

MORE IN SOUTH
SHOW MORE