പാലത്തിന്റെ പണി മുടങ്ങിയിട്ട് ഒന്നരവർഷം; തുടർനടപടികൾ ഇല്ല; ഗതാഗതകുരുക്ക് രൂക്ഷം

പത്തനംതിട്ട റാന്നി ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ നിർമ്മാണം ആരംഭിച്ച പുതിയ പാലത്തിൻ്റെ പണി മുടങ്ങി ഒന്നര വർഷം കഴിഞ്ഞിട്ടും തുടർ നടപടികൾ ഇല്ല. അപ്രോച്ച് റോഡിനുള്ള സ്ഥലം പൂർണ്ണമായും ഏറ്റെടുക്കാൻ കഴിയാത്തതാണ് നടപടികൾ വൈകാൻ കാരണം. 

2019 ലാണ് പമ്പാനദിക്ക് കുറുകെ നിലവിലുള്ള പാലത്തിൻ്റെ സമാന്തരമായി പുതിയ പാലത്തിൻ്റെ പണികൾ ആരംഭിച്ചത്. 2020 ഒടെ നിർമ്മാണം നിലച്ചു'; അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കാൻ റവന്യൂ നടപടികൾ വൈകിയതോടെ കരാറുകാരൻ യന്ത്രസാമഗ്രികളുമായി മടങ്ങി, പിന്നീട് പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്ഥലം സന്ദർശിച്ചു. കിഫ് ബി യിൽ ഉൾപ്പെടുത്തി നിർമ്മാണം വീണ്ടും ആരംഭിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. 26.67 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ്; 369 മീറ്റർ നീളവും 11 .05 മീറ്റർ വീതിയുമുള്ള ആർച്ച് പാലമാണ് . 132 സ്ഥല ഉടമകളിൽ നിന്നായി അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.

ഭൂമി ഏറ്റെടുത്താലും കേരള റോഡ്സ് ഫണ്ട് ബോർഡ് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി കരാർ നടപടികൾ പൂർത്തിയാകാൻ ഇനിയും സമയം എടുക്കും. റാന്നി താലൂക്കിൽ നിർമ്മാണം മുടങ്ങിപ്പോയ പദ്ധതികളുടെ പട്ടികയിൽ റാന്നി പാലവും ഉൾപ്പെട്ടു പോകുമോ എന്നാണ് റാന്നി നിവാസികളുടെ ആശങ്ക. ചില ഭൂഉടമകൾ സ്ഥലത്തിലത്തില്ലാത്തതിനാലാണ് നടപടി പൂർത്തിയാക്കാൻ വൈകിയതെന്നാണ് ഔദ്യോഗിക വിശദീകരണം.