അമ്മയുടെ തല മടിയിൽ വച്ച് ആഞ്ഞ് തുഴഞ്ഞു; രക്ഷിക്കാനായില്ല; റോഡിന് വീണ്ടും ജീവന്റെ വില

ദീർഘനാളായി മങ്കുഴിയോടുള്ള അവഗണനയ്ക്കു നൽകേണ്ടി വന്നത് ഒരു ജീവൻ കൂടി വിലയാണ്. വാഹനമെത്താത്ത ഇവിടെ നിന്നു വള്ളത്തിൽ ആശുപത്രിയിലേക്കു കൊണ്ടു പോകവേ ഹൃദ്രോഗിയായ സ്ത്രീയ്ക്കാണ് ജീവൻ നഷ്ടമായത്. മങ്കുഴി പാടശേഖരത്തിന്റെ പുറംബണ്ടിൽ താമസിക്കുന്ന കണിയാകുളംചിറ തങ്കപ്പന്റെ ഭാര്യ ശാന്തമ്മ (64)യാണു മരിച്ചത്.ചൊവ്വാഴ്ച രാത്രി 12ന് ശാന്തമ്മയ്ക്കു ഹൃദയാഘാതമുണ്ടായി. മകൻ ജിനു അമ്മയെ വള്ളത്തിൽ കയറ്റി വാഹനം എത്തുന്ന ചൂളക്കടവിലേക്കു തുഴഞ്ഞു.

അമ്മയുടെ തല ജിനുവിന്റെ മടയിൽ വച്ചായിരുന്നു കൂരിരുട്ടിലൂടെ വള്ളം തുഴഞ്ഞത്. സുഹൃത്ത് റോജി കാറുമായി ചൂളക്കടവിൽ കാത്തു നിന്നു. ഇവിടെ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംസ്കാരം നടത്തി. തങ്കപ്പൻ രോഗ ബാധിതനാണ്. മറ്റൊരു മകൻ ബിനു ബെംഗളൂരുവിലാണ്.മങ്കുഴിയിൽ നിന്നു രോഗികളുമായി വള്ളത്തിൽ പോകുകയും യഥാസമയം ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ മരിക്കുകയും സംഭവം മുൻപും ഉണ്ടായിട്ടുണ്ടെന്നു നാട്ടുകാർ പറഞ്ഞു.

അവഗണനയുടെ തുരുത്താണു മങ്കുഴി. നിഴലായി ദുരിതം ഇവർക്കൊപ്പമുണ്ട്. പാടശേഖരത്തിന്റെ പുറം ബണ്ടിൽ താമസിക്കുന്ന ഇവിടുത്തുകാർ മഴക്കാലമായാൽ വെള്ളപ്പൊക്കക്കെടുതിയിലാകും. പ്രദേശത്തേക്കു വാഹന സൗകര്യം ഇല്ലാത്തതാണു പ്രധാന പ്രശ്നം. കാരിക്കത്തറ നടപ്പാലം വഴിയാണ് ഇവിടത്തുകാർ പുറം ലോകത്തേക്കു ഇറങ്ങുന്നത്.

പാലം ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലുമാണ്. സമീപത്തെ റോഡ് മഴക്കാലത്തു വെള്ളത്തിലാകും. പിന്നീടു ചെളിക്കെട്ടു താണ്ടി വേണം യാത്ര ചെയ്യാൻ.കോട്ടത്തോടിനു വടക്കേക്കരയിലാണു മങ്കുഴി. തോടിനു കുറുകെ വാഹനങ്ങൾ പോകുന്ന പാലം പണിതാൽ മാത്രമേ ഇവരുടെ ദുരിതത്തിന് അൽപമെങ്കിലും ആശ്വാസമാകൂ. പുറം ബണ്ടിലൂടെ റോഡു വേണമെന്നതും ഏറെക്കാലമായുള്ള ആവശ്യമാണ്.

മങ്കുഴി പാടശേഖരത്തിന്റെ പുറം ബണ്ടിൽ 50 വീട്ടുകാർ താമസിക്കുന്നുണ്ട്. കാരിക്കത്തറ പാലത്തിന്കിഴക്കു പുത്തൻപള്ളിക്ക്സമീപം വാഹന ഗതാഗതത്തിന് അനുയോജ്യമായ പാലം വേണമെന്നാണ് ആവശ്യം.

മങ്കുഴി ഭാഗത്തേക്കു കടക്കുന്നതിനു പുതിയ പാലം പണിയാൻ നടപടിയുണ്ടാകുമെന്ന് കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു വ്യക്തമാക്കുന്നു.

MORE IN KERALA