3 വര്‍ഷമായി കെഎസ്ആര്‍ടിസി സര്‍വീസില്ല; നടപടി വേണമെന്ന് മല്ലപ്പള്ളിക്കാര്‍

ksrtc
SHARE

മല്ലപ്പള്ളി എഴുമറ്റൂര്‍ മേഖലയിലെ വിവിധ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിലച്ചിട്ട് മൂന്നുവര്‍ഷം. മല്ലപ്പള്ളി – എഴുമറ്റൂര്‍–കോഴഞ്ചേരി – പത്തനംതിട്ട, തിരുവല്ല – എഴുമറ്റൂര്‍ റൂട്ടുകളിലാണ് കെഎസ്ആര്‍ടിസി സര്‍വീസ് അവസാനിപ്പിച്ചത്. ഇതോടെ ഒറ്റ ബസിന് പകരം മൂന്നുബസില്‍ വരെ കയറിയിറങ്ങേണ്ട ഗതികേടിലാണ് നാട്ടുകാര്‍.

കോവിഡ് കാലത്തെ ലോക്ഡൗണിലാണ് മല്ലപ്പള്ളിയില്‍ നിന്ന് തുടങ്ങി എഴുമറ്റൂരും കോഴഞ്ചേരിയും വഴി പത്തനംതിട്ടയിലെത്തുന്ന ബസ് സര്‍വീസ് നിലച്ചത്. പിന്നാലെ തിരുവല്ല – എഴുമറ്റൂര്‍ സ്റ്റേ ബസ്സും സര്‍വീസ് അവസാനിപ്പിച്ചു. കോവിഡ് കഴിഞ്ഞ് ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് വിശ്വസിച്ചിരുന്ന നാട്ടുകാര്‍ക്ക് തെറ്റി. സ്വകാര്യബസ്സുകളും നേരിട്ട് സര്‍വീസ് നടത്താത്ത ഈ റൂട്ടില്‍ ജില്ലാ ആസ്ഥാനത്തെത്താന്‍ പോലും മൂന്നുബസ് കയറിയിറങ്ങേണ്ട ഗതികേടിലാണ് നാട്ടുകാര്‍. ബസ് കയറിയിറങ്ങി താമസിച്ച് തിരിച്ചെത്തിയാലും രക്ഷയില്ല. ഇരുട്ടിയാല്‍ ഓട്ടോ പോലും കാണില്ല.

പുലര്‍ച്ചെയും വൈകിട്ടും സര്‍വീസ് നടത്തിയിരുന്ന ബസില്‍ ജീവനക്കാരും വിദ്യാര്‍ഥികളുമായിരുന്നു പ്രധാനമായും യാത്ര ചെയ്തിരുന്നത്. റെയില്‍വേസ്റ്റേഷനിലേക്ക് പോകാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്ന് മറ്റ് ജില്ലകളില്‍ ജോലി ചെയ്യുന്നവരില്‍ പലരും ജോലിസ്ഥലത്തിനടുത്തേക്ക് താമസം മാറി. സര്‍വീസ് പുനരാരംഭിച്ച് യാത്രാക്ലേശത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

MORE IN SOUTH
SHOW MORE