ചില്ല് പാലത്തിന്‍റെ ഗ്ലാസ് പൊട്ടിയ കേസ്; തുമ്പില്ലാതെ പൊലീസ്

glass-bridge
SHARE

ആക്കുളത്ത് ചില്ല് പാലത്തിന്‍റെ ഗ്ലാസ് പൊട്ടിയതിലെ അന്വേഷണത്തില്‍ തുമ്പില്ലാതെ പൊലീസ്. ആരെങ്കിലും ബോധപൂര്‍വ്വം ഗ്ലാസ് തകര്‍ത്തതാണെന്ന് തെളിയിക്കുന്ന ഒന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്താനായില്ല. ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. ഭാരമുള്ള എന്തെങ്കിലും വസ്തുകൊണ്ട് പ്രഹരിച്ചാലല്ലാതെ ഗ്ലാസ് പൊട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് നിര്‍മാതാക്കളായ വട്ടിയൂര്‍കാവ് യൂത്ത് ബ്രിഗേഡ് സൊസൈറ്റി. 

തിരുവനന്തപുരം ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ സ്ഥാപിച്ച ചില്ല് പാലത്തിന്‍റെ ഗ്ലാസ് ഉദ്ഘാടനത്തിന് മുമ്പുതന്നെ പൊട്ടിയതിന് പിന്നില്‍ അട്ടിമറി സംശയിച്ച് നിര്‍മാതാക്കളായ വട്ടിയൂര്‍കാവ് യൂത്ത് ബ്രിഗേഡ് സൊസൈറ്റി അഥവ വൈബ് നല്‍കിയ പരാതിയില്‍ ശ്രീകാര്യം പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ ഇതുവരെ ഒന്നും കണ്ടെത്താനായിട്ടില്ല. സി.സി.ടി.വി ക്യാമറകളില്‍ നിന്ന് തെളിവുകളൊന്നും ലഭിച്ചില്ല. പുറത്തുനിന്ന് ആരെങ്കിലും അതിക്രമിച്ച് കടന്ന് ഗ്ലാസ് തകര്‍ത്തതിനുള്ള മറ്റ് തെളിവുകളും ലഭിച്ചില്ല. ഇതോടെ എങ്ങനെ ഗ്ലാസ് പൊട്ടിയെന്നത് ദുരൂഹമായി തുടരുകയാണ്. ഫൊറന്‍സിക് വിഭാഗം പൊട്ടിയ ഗ്ലാസ് പരിശോധനക്കായി 

കൊണ്ടുപോയിട്ടുണ്ട്. ഈയാഴ്ച അവരുടെ റിപ്പോര്‍ട്ട് ലഭിച്ചേക്കും. അതില്‍നിന്നും ഗ്ലാസ് തനിയെ പൊട്ടിയതാണോ, ഭാരമുള്ള എന്തെങ്കിലും വസ്തു പതിച്ചതുകൊണ്ട് പൊട്ടിയതാണോ എന്നതില്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഭാരമുളള വസ്തു പതിച്ചാണ് പൊട്ടിയതെന്ന് ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞാല്‍ അട്ടിമറി ആരോപണത്തിന് സാധുത കൈവരും. അല്ലെങ്കില്‍ നിര്‍മാണത്തിലെ അപാകതയിലേക്കും ഗ്ലാസിന്‍റെ ഗുണമേന്മയെക്കുറിച്ചുള്ള സംശയത്തിലേക്കും വിരല്‍ ചൂണ്ടുന്നതായിരിക്കും റിപ്പോര്‍ട്ട്.

MORE IN SOUTH
SHOW MORE