വിഴിഞ്ഞത്ത് പോർട്ട് ഓഫീസായി; ഇഴഞ്ഞു നീങ്ങി തുറമുഖ നിർമാണം

വിഴിഞ്ഞം തുറമുഖത്തെ പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്. തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് അനുവദിച്ച സമയ പരിധി കഴിഞ്ഞ് ഒമ്പതുമാസമായപ്പോഴാണ് ഓഫിസ് കെട്ടിടം പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. പുലിമുട്ട്, വാര്‍ഫ് നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍  ഈ വര്‍ഷവും തുറമുഖത്തിന്റെ പ്രവര്‍ത്തനം തുടങ്ങില്ല. 

കരാര്‍പ്രകാരം കഴിഞ്ഞ ഡിസംബറില്‍ തുറമുഖ നിര്‍മാണം പൂര്‍ത്തിയാകേണ്ടതാണ്. പുലിമുട്ട് ഒഴികെയുള്ള തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എണ്‍പത് ശതമാനം പൂര്‍ത്തിയായെന്ന് അദാനി ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു. തുറമുഖ നിര്‍മാണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി പോര്‍ട്ട് ഓപ്പറേഷന്‍ ബില്‍ഡിങ്ങിന്റെ ഉദ്ഘാടനം നടത്തുന്നത്. തുറമുഖത്തിന്റെ ദൈനംദിന പ്രവര്‍ത്തനത്തിന്റെ നിയന്ത്രണവും ഏകോപനവും ഈ ഓഫിസ് സമുച്ചയത്തിലാകും. വൈകിട്ട് മൂന്നിന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഓണ്‍ലൈനായി ഓഫീസ് ഉദ്ഘാടനം ചെയ്യും. നവംബറില്‍ ഇലക്ട്രിക്കല്‍ സബ് സ്റ്റേഷനും ജനുവരിയില്‍ കാര്‍ഗോ ഗെയ്റ്റ് കോംപ്ലക്സും ഉദ്ഘാടനം ചെയ്യും. 

എന്നാല്‍ പുലിമുട്ട് നിര്‍മിച്ച് തുറമുഖത്തേക്കുള്ള തിരയടി നിയന്ത്രിച്ചാല്‍ മാത്രമേ തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. നിലവില്‍ 700 മീറ്ററോളം നീളത്തിലാണ് പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയായി. പാറ ക്ഷാമമാണ് നിര്‍മാണം വൈകാന്‍ കാരണമായി കമ്പനി ചൂണ്ടിക്കാണിച്ചിരുന്നത്. ഇപ്പോള്‍ പാറ ലഭിക്കുന്ന സാഹചര്യത്തില്‍ നിര്‍മാണത്തിന് വേഗം കൂടുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. പ്രതിദിനം 7000 മെട്രിക് ടണ്‍ പാറ ഇപ്പോള്‍ പദ്ധതി പ്രദേശത്ത് എത്തുന്നുണ്ട്. മുടക്കമില്ലാതെ പാറ കിട്ടിയാല്‍ അടുത്ത വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കി തുറമുഖം ഉദ്ഘാടനം ചെയ്യാനാകുമെന്നും അധികൃതര്‍ പറയുന്നു.