പമ്പയിലെ മാലിന്യം കുറഞ്ഞെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

പമ്പയിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ഗണ്യമായി കുറഞ്ഞെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ വിലയിരുത്തല്‍. നീരൊഴുക്ക് സുഗമമാകുന്നതോടെ ജലം കൂടുതല്‍ വൃത്തിയാകും. അടുത്ത മണ്ഡലകാലത്തില്‍ സന്നിധാനത്ത് ഭക്ഷ്യസംസ്കരണ യൂണിറ്റും, പമ്പയിലും നിലയ്ക്കലും ആധുനിക തൂപ്പ് യന്ത്രവും സ്ഥാപിക്കാന്‍ ദേവസ്വംബോര്‍ഡിന് നിര്‍ദേശം നല്‍കി. 

ശബരിമല തീര്‍ഥാടകര്‍ പുണ്യ സ്നാനത്തിന് ഉപയോഗിക്കുന്ന പമ്പയിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. നൂറ് മില്ലിലീറ്റര്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് പതിനായിരം മാത്രമാണ്. അതായത്, കഴിഞ്ഞതവണത്തേക്കാള്‍ മുപ്പത് മടങ്ങ് കുറവ്. സന്നിധാനത്തെ സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റില്‍നിന്ന് പുറത്തുവിടുന്ന െവള്ളത്തില്‍ കോളിഫോം ബാക്ടീരിയകളുടെ അളവ് അല്‍പ്പം പോലുമില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.

സന്നിധാനത്ത് കാട്ടുപന്നികള്‍ പെരുകാന്‍ കാരണമായ ഭക്ഷ്യ അവശിഷ്ടങ്ങള്‍ സംസ്കരിക്കാന്‍ അടുത്ത മണ്ഡലകാലത്തില്‍ ഭക്ഷ്യസംസ്കരണ യൂണിറ്റും സ്ഥാപിക്കും. പൊടി ശല്യം രൂക്ഷമായ പമ്പയിലും നിലയ്ക്കലും അടുത്ത സീസണില്‍ ആധുനിക തൂപ്പ് യന്ത്രം സ്ഥാപിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.