വിഴിഞ്ഞം; മുതലപ്പൊഴിയിലെ മണൽതിട്ട നീക്കാൻ നടപടി; ഡ്രഡ്ജിങ് തുടങ്ങും

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പാറയെത്തിക്കുന്നതില്‍ മുതലപ്പൊഴിയിലുള്ള തടസംനീക്കാന്‍ നടപടി. മുതലപ്പൊഴിയിലെ മണല്‍തിട്ട നീക്കാന്‍ എത്തിച്ച രണ്ടാമത്തെ ഡ്രഡ്ജര്‍ ഇന്ന് ഡ്രഡ്ജിങ് തുടങ്ങും. ഇതോടെ ഒട്ടേറെ മല്‍സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മണല്‍ത്തിട്ട പൂര്‍ണമായി നീങ്ങുമെന്ന ആശ്വാസത്തിലാണ് നാട്ടുകാരും.

ഒരു വര്‍ഷം മുമ്പാണ് മുതലപ്പൊഴിയില്‍ തീരത്തോട് ചേര്‍ന്ന് കടലിലുള്ള മണല്‍ത്തിട്ട നീക്കുന്നതിനായി ഡ്രഡ്ജിങ് ആരംഭിച്ചത്. ശാന്തിസാഗര്‍ 14 എന്ന ‍‍ഡ്രഡ്ജറായിരുന്നു ഇതുവരെ മണല്‍ നീക്കിയിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ച വേഗത്തില്‍ മണല്‍നീക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് രണ്ടാമത്തെ ഡ്രഡ്ജര്‍ എത്തിച്ചത്. ശാന്തിസാഗര്‍ 11 എന്ന ഈ ഡ്രഡ്ജര്‍ പത്തുദിവസം മുതലപ്പൊഴിയിലുണ്ടാകും. ആറുമീറ്റര്‍ താഴ്ചയില്‍ 400 മീറ്റര്‍ ചുറ്റളവില്‍ പൊഴിമുഖത്തെ മണല്‍ നീക്കും.

കുഴിച്ചെടുക്കുന്ന മണല്‍ പെരുമാതുറ–താഴംപള്ളിയിലെ കടല്‍ത്തീരത്ത് നിക്ഷേപിക്കും. മല്‍സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിക്കാതെ ഡ്രഡ്ജിങ് നടത്തുമെന്ന് അധികൃതര്‍ പറയുന്നു. ഡ്രഡ്ജിങ് പൂര്‍ത്തിയാക്കിയാലേ കരമാര്‍ഗം മുതലപ്പൊഴിയില്‍ എത്തിക്കുന്ന പാറ ബാര്‍ജുകള്‍ വഴി വിഴിഞ്ഞം പദ്ധതി പ്രദേശത്ത് എത്തിക്കാന്‍ സാധിക്കൂ.