അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന നിര്‍ദേശത്തിന്റെ മറവില്‍ വ്യാപകമായി മരംകടത്ത്

പൊതുസ്ഥലങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന നിര്‍ദേശത്തിന്റെ മറവില്‍ വ്യാപകമായി മരങ്ങള്‍ മുറിച്ചു കടത്തുന്നതായി പരാതി. മതിയായ രേഖകളില്ലാതെ കൊല്ലം കടയ്ക്കലിലെ വഴിയോരത്തെ മരം മുറിക്കാനെത്തിയെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. 

കാറ്റിലും മഴയിലും മരം കടപുഴകി വീണ് അപകടങ്ങള്‍ പതിവായതോടെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ എത്രയും േവഗം മുറിച്ചു മാറ്റണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് അധ്യക്ഷനും അതത് പഞ്ചായത്ത് പ്രസിഡന്റും വനം,റവന്യൂ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അടങ്ങിയ കമ്മിറ്റിയുടെ അനുവാദത്തോടെ വേണം മരം മുറിക്കാന്‍. എന്നാല്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിന്നു വ്യാപകമായി മരം മുറിച്ചു കടത്തുവെന്നാണ് പരാതി. ഇത്തരത്തില്‍ ചിതറ പഞ്ചായത്തിലെ വട്ടമുറ്റം വാർഡിലെ തലവരമ്പിൽ വഴിയോരത്തെ രണ്ടു വലിയ മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു.

ചിതറയിലെ ഒരു ക്വാറി ഉടമയ്ക്ക് വേണ്ടി പത്തിലധികം മരങ്ങള്‍ മുറിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. കൃഷി വകുപ്പിന്റെ കീഴിലിലുള്ള കോട്ടുക്കല്ലിലെ ഫാമിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തിയത് വലിയ വിവാദമായിരുന്നു. കൊട്ടിയത്തെ ഒരു സ്വകാര്യ മില്ലില്‍ നിന്നു മരങ്ങള്‍ കണ്ടെത്തിയെങ്കിലും മുഴവന്‍ പ്രതികളെ പിടികൂടുകയോ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കുകയോ ചെയ്തിട്ടില്ല.