വിദ്യാര്‍ഥികള്‍ക്ക് യാത്ര സുരക്ഷയൊരുക്കാൻ എംവിഡി

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിയാത്ര ഒരുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഇടപെടല്‍. വൈക്കത്ത് നടത്തിയ പരിശോധനയില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെ തുടര്‍ന്ന് ഇരുപത് ശതമാനത്തിലേറെ വാഹനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു.    

സ്‌കൂള്‍ വിദ്യാരര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കി കഴിഞ്ഞ ദിവസമാണ് ഉത്തരവിറങ്ങിയത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് ജിപിഎസ് ഘടിപ്പിക്കാനാണ് നിര്‍ദേശമെങ്കിലും മോട്ടോര്‍ വാഹന വകുപ്പ് പരിശോധനകള്‍ തുടങ്ങി. സ്പീഡ് ഗവര്‍ണര്‍ ഉള്‍പ്പെടെ വാഹനങ്ങളില്‍ വേണമെന്ന് നിര്‍ബന്ധമാണ്. വൈക്കം മേഖലയില്‍ 150 ലേറെ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന കഴിഞ്ഞ ദിവസം നടന്നു. സ്പീഡ് ഗവര്‍ണര്‍ അടക്കം മോട്ടോര്‍ വാഹന വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും ഇനി കുട്ടികളെ കൊണ്ടുപോകാനാകൂ. അനുമതി നല്‍കിയ വാഹനങ്ങള്‍ തിരിച്ചറിയാന്‍ പ്രത്യേക സുരക്ഷാസ്റ്റിക്കര്‍ പതിപ്പി്ക്കും. ഈ സ്റ്റിക്കറില്ലാത്ത വാഹനങ്ങളില്‍ വിദ്യാര്‍ഥികളെ കൊണ്ടുപോയാല്‍ കര്‍ശന നടപടിയുണ്ടാകും. 

ജി.പി എസ് സംവിധാനം നിലവില്‍ വരുന്നതോടെ വാഹനങ്ങളുടെ വേഗം, റൂട്ട് തുടങ്ങിയ കാര്യങ്ങള്‍  സ്‌കൂളുകളില്‍ ഉള്‍പ്പടെ അഞ്ച് കേന്ദ്രങ്ങളില്‍ അറിയാനാകും. സ്‌കൂള്‍ കുട്ടികളെ കൊണ്ടു പോകുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ അടങ്ങിയ ലഘുലേഖയും ഡ്രൈവര്‍മാര്‍ക്ക് വിതരണം ചെയ്തു. വാഹനത്തില്‍ സഞ്ചരിക്കുന്ന വിദ്യര്‍ത്ഥികളുടെ പൂര്‍ണ്ണവിവരങ്ങളും ഡ്രൈവറുടെ പക്കല്‍ ഉണ്ടായിരിക്കണം. വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധനകള്‍ നടത്തും.