വിദ്യാർഥികൾക്ക് പോഷകാഹാരത്തോടൊപ്പം ഇനി തേനും

സ്കൂൾ വിദ്യാർഥികൾക്ക് പോഷകാഹാരത്തോടൊപ്പം തേനും നൽകാനൊരുങ്ങി സർക്കാർ. സാമൂഹ്യക്ഷേമ വകുപ്പുമായി പദ്ധതിയുടെ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. മാവേലിക്കര കൊച്ചാലുംമൂട്ടിൽ രാജ്യത്തെ ആദ്യ ഹണി പാർക്കും മന്ത്രി ഉദ്ഘാടനം ചെയ്തു.

നാവിലൂറിയ രുചി ആസ്വദിക്കാനും അത് പകർന്ന് നൽകാനും സഭാകന്പമേതും ആവശ്യമില്ലായെന്ന നിലപാടിലായിരുന്നു മന്ത്രി വി.എസ്.സുനിൽകുമാർ. മാവേലിക്കര കൊച്ചാലുംമൂട്ടിലെ പുതിയ ഹണി പാർക്കിൽ സംസ്കരിച്ച് കുപ്പിയിലാക്കിയ തേൻ രുചിച്ചുതന്നെ മന്ത്രി ഗുണനിലവാരം നോക്കി. കൃഷിവകുപ്പിൻറെ അൻപത് ലക്ഷവും ഹോർട്ടികോർപ്പിൻറെ ഇരുപത്തിയഞ്ച് ലക്ഷവും ഉപയോഗിച്ചാണ് രാജ്യത്തെ ആദ്യ ഹണി പാർക്ക് ഒരുക്കിയിരിക്കുന്നത്. അൻപത് ടൺ തേൻ സംസ്കരിക്കുന്നതിനും പായ്ക്ക് ചെയ്യുന്നതിനുമുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ചെറിയ പായ്ക്കറ്റുകൾ മുതൽ ഒരുകിലോഗ്രാംവരെ അളവിൽ പായ്ക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണുള്ളത്.  തേനിൻറെ ഗുണം മുഴുവൻ കുട്ടികളിലേക്കും എത്തിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.

സംസ്ഥാന സർക്കാരിൻറെ ഹണി മിഷൻറെ ഭാഗമായി നിലവിലുള്ള തേൻ ഉൽപാദനം നാലിരട്ടിയാക്കുകയാണ് ലക്ഷ്യം. കർഷകരിൽനിന്ന് സംഭരിക്കുന്ന തേനും സംസ്കരിക്കുന്നുണ്ട്. കർഷകർക്ക് പരിശീലനം നൽകുന്നതിനുള്ള ക്രമീകരണവും തേനീച്ച വളർത്തൽ കേന്ദ്രത്തിലുണ്ട്.