ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായി ആറാട്ട്; അൽപശി ഉല്‍സവത്തിന് സമാപനം

അൽപശി ഉല്‍സവത്തിന് സമാപനം കുറിച്ച് തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായി ആറാട്ട് ഘോഷയാത്ര.  പദ്മനാഭ സ്തുതികളുമായി ആയിരങ്ങളാണ് ഘോഷയാത്ര കാണാനെത്തിയത്. 

ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തിൽ ശ്രീ പദ്മനാഭസ്വാമിയേയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചതോടെയാണ് ആറാട്ട് ഘോഷയാത്ര തുടങ്ങിയത്. ക്ഷേത്ര സ്ഥാനി മൂലം തിരുന്നാൾ രാമവർമ ഉടവാളുമേന്തി വിഗ്രഹങ്ങൾക്ക് അകമ്പടി സേവിച്ചു. തിരുവല്ലം പരശുരാമ ക്ഷത്രം, നടുവത്ത് മഹാവിഷ്ണു ക്ഷത്രം, അരകത്ത് ദേവി ക്ഷേത്രം, ചെറിയ ഉദേശ്വരം ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ നിന്നുള്ള വിഗ്രഹങ്ങളും ആനപ്പുറത്ത്് എഴുന്നള്ളത്തിൽ ഒപ്പം ചേർന്നു.

വാദ്യമേളങ്ങളും കലാപരിപാടികളും മാറ്റു കൂട്ടി. വള്ളക്കടവില്‍ നിന്ന് വിമാനത്താവളത്തിനകത്തു കൂടി ശംഖുമുഖത്തേയ്ക്ക്്. മൂന്നു തവണ കടലിൽ ആറാടിയ ശേഷം ഘോഷയാത്ര തിരികെ ക്ഷേത്രത്തിലേക്ക്. വഴിനീളെ ആയിരക്കണക്കിന് ഭക്തരാണ് ആറാട്ട്ഘോഷയാത്ര  കാണാനായി തടിച്ച് കൂടിയത്. ‌‌