തകർന്ന് തരിപ്പണമായി വൈക്കം വെച്ചൂർ റോഡ്

മാസങ്ങളായി തകര്‍ന്ന് കിടക്കുന്ന വൈക്കം വെച്ചൂര്‍ റോഡിനോട് ജനപ്രതിനിധികളുടെയും സര്‍ക്കാരിന്‍റെയും അവഗണന തുടരുന്നു. കൊച്ചിയിൽ നിന്ന് കുമരകത്തേക്കും വൈക്കത്ത് നിന്ന് കോട്ടയം ആലപ്പുഴ ഭാഗത്തേക്കുമുള്ള പ്രധാന റോഡാണ് പൂർണ്ണമായും തകർന്നു കിടക്കുന്നത്. റോഡ് വീതി കൂട്ടി നിർമ്മിക്കാൻ അനുവദിച്ച പണവും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം പാഴാകുമെന്ന് ആശങ്ക. 

കുമരകത്തേക്ക് വിദേശ വിനോദസഞ്ചാരികളടക്കം സ്ഥിരമായി യാത്ര ചെയ്യുന്ന വൈക്കം വെച്ചൂർ റോഡിനാണ് ഈ ദുർഗതി. വൈക്കത്ത് നിന്ന് ബണ്ട് റോഡ് വരെ8 കിലോമീറ്ററാണ് ദൂരം. ടോറസ് ലോറികളും ബസുകളുമടക്കം ആയിരകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതു വഴി പോകുന്നത്. മാരാം വീട് മുതൽ ഉല്ലലവരെയും ഇടയാഴം മുതൽ ബണ്ട് റോഡു വരെയും റോഡ് പൂർണ്ണമായി തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞു.  രണ്ടടിയിലധികമാണ് റോഡിലെകുഴികളുടെ ആഴം. പലയിടത്തും റോഡ് തന്നെയില്ല.ദ ിനംപ്രതി കുഴികളിൽ വീണ് പരുക്കേറ്റ് ജീവനും കൊണ്ട് രക്ഷപ്പെടുന്നത് സ്ത്രീകളടക്കമുള്ള നിരവധി ഇരുചക്രവാഹന യാത്രക്കാരാണ്. അഞ്ച് സ്കൂളുകളിലേക്കുള്ള വിദ്യാര്‍ഥികളുടെയും യാത്രക്ക് ആശ്രയം ഈ റോഡാണ്. 

വെയിൽ തെളിഞ്ഞാൽ പൊടിശല്യവും മഴ പെയ്താൽ ചെളിക്കുളവുമാകും റോഡ്. റോഡരുകിലെ വ്യാപാര സ്ഥാപനങ്ങൾ പോലും തുറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.  റോഡ് വീതികൂട്ടി നിര്‍മിക്കാന്‍ രണ്ട് കോടിയിലേറെ തുക അനുവദിച്ച് മാസങ്ങള്‍ പിന്നിട്ടു. ജോലി തുടങ്ങാന്‍ ഇതുവരെ സാധിച്ചിട്ടില്ല. റോഡിനായി മുറവിളി കൂട്ടിയിരുന്ന രാഷ്ട്രീയ സംഘടനകള്‍ പോലും ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്. റോഡിന്‍റെ ദുരവസ്ഥ പരിഹരിക്കാന്‍ നടപടിയില്ലെങ്കില്‍ സമരം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം. സ്വകാര്യ ബസുകളടക്കം സർവ്വീസ് നിർത്തിവെച്ച് പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ്.