കുടിവെള്ള പദ്ധതിക്കായി പൊളിച്ച റോഡുകൾ അപകടകെണിയാകുന്നു

വൈക്കം മറവന്‍തുരുത്ത് പഞ്ചായത്തില്‍ കുടിവെള്ള പദ്ധതിക്കായി കുത്തിപ്പൊളിച്ച  റോഡുകള്‍ അപടക്കെണികളായി മാറുന്നു. മഴ ശക്തമായതോടെ കുഴികളില്‍ വെള്ളം നിറഞ്ഞ് അപകടങ്ങള്‍ തുടര്‍ക്കഥയായി. റോഡുകളുടെ അറ്റകുറ്റപണി നടത്താതെയുള്ള പഞ്ചായത്തിന്‍റെ അനാസ്ഥയും റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് കാരണമാണ്.  

വൈക്കം മറവൻതുരുത്ത് പഞ്ചായത്തിലെ ടോൾ പാലാംകടവ് റോഡും ടോൾ ചെമ്മനാകരി റോഡുമാണ് അപകടാവസ്ഥയിലായിരിക്കുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പുകള്‍ സ്ഥാപിക്കുന്നതിനാണ് റോഡ് കുത്തിപ്പൊളിച്ചത്. കുണ്ടും കുഴിയും നിറഞ്ഞ കുളം റോഡെന്ന് ദുഷ്പേരിന് പുറമെയാണ് ഈ കുത്തിപ്പൊളിക്കല്‍. മഴപെയ്തതോടെ റോഡേതാ തോടേതാണെന്ന് വേര്‍ത്തിരിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ചിലയിടങ്ങളില്‍ ചെളിക്കുളമാണ് റോഡ്. കാല്‍നടയാത്ര പോലും ദുസ്സഹം.  ആശുപത്രിയിലേക്ക് രോഗികൾക്ക് ജീവനോടെഎത്തണമെങ്കിൽ  അല്‍പം ഭാഗ്യംകൂടി വേണമെന്ന സ്ഥിതി.

ചെമ്മനാ കരി -മണപ്പുറം ജംങ്കാറിലേക്ക് നൂറു കണക്കിന് വാഹനങ്ങളുടെയും വിദ്യാർത്ഥികളുടെയും യാത്രാമാർഗ്ഗവും ഈ അപകട റോഡാണ്. കൃത്യമായി ടാറിങ്ങ് നടതാത്തതും പൈപ്പിടാന്‍ എടുത്ത കുഴികള്‍ മൂടാത്തതുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നാട്ടിലെ ജനപ്രതിനിധികളോ പഞ്ചായത്ത് അധികൃതരോ പ്രദേശത്തേക്ക് തിരിഞ്ഞുപോലും നോക്കിയിട്ടില്ല.