കനത്ത മഴ, അപ്പർകുട്ടനാട് മേഖലയിൽ ദുരിതാശ്വാസക്യാംപുകൾ തുറന്നു

കുട്ടനാട് അപ്പർകുട്ടനാട് മേഖലയിൽ വെള്ളപ്പൊക്കത്തെതുടർന്ന് ആയിരക്കണക്കിന് വീടുകളിൽ വെള്ളം കയറി. തിരുവല്ല താലൂക്കിൽപ്പെട്ട അപ്പർകുട്ടനാട് മേഖലയിൽ ഒൻപത് ദുരിതാശ്വാസക്യാംപുകൾ തുറന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്.

ആലപ്പുഴ എടത്വായ്ക്ക് സമീപം തലവടി പഞ്ചായത്തിലെ വിവിധ വാർഡുകൾ പൂർണമായുംതന്നെ വെള്ളക്കെട്ടിന് നടുവിലാണ്. വീടുകൾക്കുള്ളിൽ വെള്ളം കയറിയതോടെ ആളുകൾ ദുരിതാശ്വാസ ക്യാംപുകളിലേക്കും, ബന്ധുവീടുകളിലേക്കും മാറാനുള്ള തയാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി ദുരിതബാധിതരുടെ പട്ടിക തയാറാക്കിക്കഴിഞ്ഞു. ജലനിരപ്പ് നിലവിലെ സ്ഥിതിയിൽ തുടർന്നാൽ ഈ ഭാഗങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കാനാണ് അധികൃതരുടെ തീരുമാനം. ‌

തിരുവല്ല താലൂക്കിൽപ്പെട്ട കടപ്ര, നിരണം, പെരിങ്ങര, തിരുമൂലപുരം, നെടുമ്പ്രം എന്നിവിടങ്ങളിലായി ഒൻപത് ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. അതേസമയം വീട്ടുപകരണങ്ങളുംമറ്റും നഷ്ടപ്പെടുമോയെന്ന ഭീതിമൂലം വീട് വിട്ടുപോകാൻ പലരും തയാറായിട്ടില്ല. വാഴയും തെങ്ങുമുൾപ്പടെ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് മേഖലയിലുണ്ടായിരിക്കുന്നത്. ആലപ്പുഴ- ചങ്ങനാശേരി റൂട്ടിൽ എ.സി.റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതത്തിന് തടസം നേരിട്ടു.