പത്തനംതിട്ടയിൽ കനത്ത നാശം വിതച്ച് മഴ: വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

മഴ ശക്തിപ്രാപിച്ചതോടെ പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ജില്ലയുടെ പലഭാഗങ്ങളിലും കാറ്റു മഴയും കനത്തനാശ നഷ്ടമാണ് വരുത്തിയത്. പലയിടങ്ങളിലും വൈദ്യുതി ബന്ധം ഇപ്പോഴും പൂര്‍ണ നിലയില്‍ എത്തിയിട്ടില്ല. റാന്നി, മല്ലപ്പള്ളി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോര മേഖലകളിലാണ് മഴ കനത്തനാശം വിതച്ചത്. കൃഷിനാശത്തിനൊപ്പം പലയിടങ്ങളിലും വീടുകളും തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് ഗതാഗതതടസം ഉണ്ടായി. തകരാറിലായ വൈദ്യുതിബന്ധം ഇപ്പോഴും പൂര്‍ണനിലയില്‍ എത്തിയിട്ടില്ല. ഇടക്കിടെ പെയ്യുന്ന ശക്തമായ മഴയാണ് കാരണം. പമ്പയില്‍ കഴിഞ്ഞഅഞ്ചുവര്‍ഷത്തിനിടെ മഴ ഏറ്റവും ഉയര്‍ന്ന തോതിലെത്തി. 160.5 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഗവിയില്‍ മരങ്ങള്‍ വ്യാപകമായി കടപുഴകി വീണു. റോഡുകള്‍ക്ക് തകര്‍ന്നു. ഗവി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പടുത്തി. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യതയും ഉണ്ട്.കനത്ത മഴയില്‍ കഴിഞ്ഞദിവസം ഗവിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഒറ്റപ്പെട്ടിരുന്നു. വരുംദിവസങ്ങളിലും മഴതുടരുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.