കുട്ടികളെയും മരങ്ങളെയും ഒരുപോലെ സ്നേഹിച്ച് എൽപി സ്കൂളിലെ പാചകത്തൊഴിലാളി

ഒന്നാംക്ലാസിൽപോലും പഠിക്കാൻ ഭാഗ്യം ലഭിക്കാത്ത ഏഴുപത്തിരണ്ടുകാരി മൂപ്പത്തിമൂന്ന് വർഷംകൊണ്ട് സ്കൂൾ മുറ്റത്ത് നട്ടുവളർത്തിയത് അമ്പതിലേറെ മരങ്ങളും ഫലവൃക്ഷങ്ങളും പച്ചക്കറികളും. കണ്ണൂർ നാറാത്ത് ചെറുവാക്കര ഗവൺമെന്റ് എൽപി സ്കൂളിലെ പാചകത്തൊഴിലാളിയായ കെ.നാരായണിയാണ് കുട്ടികളെയും മരങ്ങളെയും ഒരുപോലെ സ്നേഹിക്കുന്നത്.

അടുത്തദിവസം ഉച്ച ഭക്ഷണത്തിനൊപ്പം കുട്ടികൾക്ക് പുഴുങ്ങി നല്‍കാനുള്ള കപ്പയാണ്. ചോറിന് തോരന്‍ കറിയായി നൽകാൻ ചക്കയുമുണ്ട്. നാരായണിതന്നെ നട്ടുവളർത്തിയ മാവിലെ മാങ്ങയുപയോഗിച്ച് ഉണ്ടാക്കിയ അച്ചാറും തയ്യാർ. വാഴയ്ക്ക തോരൻ വയ്ക്കാനുള്ള കുലയും പാകമായി കഴിഞ്ഞു. പുളി, നെല്ലി, ആൽമരം, മരുത് തുടങ്ങി നിരവധി മരങ്ങളാണ് തണലായി വളർന്നു നിൽക്കുന്നത്. സ്കൂളിലെ ജോലിക്ക് ശേഷമുള്ള സമയവും അവധി ദിനങ്ങളും മരങ്ങളെ പരിപാലിക്കാനും കൃഷി ചെയ്യാനുമായി മാറ്റിവച്ചിരിക്കുകയാണ്.

മരങ്ങളും കൃഷിയും മാത്രമല്ല, പൂച്ചെടികൾ നട്ടുവളർത്താനും സമയം കണ്ടെത്താറുണ്ട്. നാരായണിക്ക് ഇന്ന് മാത്രമല്ല എല്ലാ ദിവസവും പരിസ്ഥിതി ദിനമാണ്.