പൊങ്കാലയിൽ റെക്കാർഡുമായി കാലിഫോർണിയക്കാരി ഭക്ത

ആറ്റുകാല്‍ അമ്മയ്ക്ക് തുടര്‍ച്ചയായി പൊങ്കാല അര്‍പ്പിക്കുന്ന റെക്കോഡില്‍ മലയാളി സ്ത്രീകള്‍ക്ക് വിദേശത്ത് നിന്നൊരു വെല്ലുവിളി. കാലിഫോര്‍ണിയാക്കാരി ഡയാന ജാനറ്റ് 22 ാം തവണ പൊങ്കാല അര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ അപൂര്‍വ നേട്ടത്തിനുടമയായ വിദേശവനിതയെ ആറ്റുകാല്‍ സാംസ്കാരിക സമിതി ആദരിക്കുകയും ചെയ്തു. 

പൊങ്കാലക്കാലമായാല്‍ ഡാനിയ ജാനറ്റെന്ന കാലിഫോര്‍ണിയക്കാരി പൂര്‍ണമായും കേരളക്കാരിയാകും. ഭക്തിമാത്രമല്ല, വേഷം പോലും മലയാളി സ്ത്രീകളുടേത്. ആ പതിവ് തെറ്റിക്കാതെ ഇത്തവണയും ക്ഷേത്രത്തിലെത്തി പൊങ്കാലനാളിനായി കാത്തിരിക്കുകയാണ്.  1994ല്‍ വിനോദസഞ്ചാരത്തിനായി കേരളത്തിലെത്തിയപ്പോള്‍ യാദൃഛികമായി പൊങ്കാല കണ്ടതോടെയാണ് പൊങ്കാല ഒരാവേശവും വിശ്വാസവുമായി മാറിയത്.

പിന്നീടെല്ലാവര്‍ഷവുമെത്തി. രണ്ട് തവണ മുടങ്ങിയപ്പോള്‍ ഇതേദിവസം കാലിഫോര്‍ണിയായിലെ ക്ഷേത്രത്തിലെത്തി പൊങ്കാല അര്‍പ്പിച്ചു. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഗിന്നസ് റെക്കോഡ് നേടിക്കൊടുക്കാനുള്ള പ്രവർത്തനങ്ങള്‍ക്ക് തുടക്കമിട്ടതും ഇവരായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും അണിനിരക്കുന്ന ദിവസമെന്നതാണ് പൊങ്കാലയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമെങ്കിലും ഇത്തവണ ഒരു പ്രാര്‍ത്ഥനയുണ്ട്. പൊങ്കാല നാളില്‍ അമ്പലപരിസരത്ത് മലയാളി സ്ത്രീകള്‍ക്കൊപ്പമുണ്ടാവും ഈ വിദേശവനിതയും.