ആറ്റുകാൽ പൊങ്കാല നടത്തിപ്പ്; കൗണ്‍സില്‍ യോഗത്തില്‍ തർക്കം

ആറ്റുകാല്‍ പൊങ്കാല നടത്തിപ്പിനേ ചൊല്ലി തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം.  ഇത്തവണ ചെലവില്ലാതെ പൊങ്കാല നടത്തിയതോടെ കഴിഞ്ഞ വര്‍ഷം ലക്ഷങ്ങള്‍ ചെലവഴിച്ചത് അഴിമതിയുടെ തെളിവാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വ്യക്തിപരമായി അധിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രനും പ്രതികരിച്ചു.

ക്ഷേത്രത്തിലും വീട്ടിലുമായി ഒതുങ്ങിയ കഴിഞ്ഞ വര്‍ഷത്തെ പൊങ്കാലക്ക് ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കടക്കം 30 ലക്ഷത്തോളം രൂപ ചെലവഴിച്ചത്  അഴിമതിയാണെന്ന് മാസങ്ങളായി ബി.ജെ.പി ആരോപിക്കുന്നുണ്ട്. ഇത്തവണ സമാന രീതിയിലാണ് പൊങ്കാല നടന്നതെങ്കിലും അഞ്ച് പൈസാ ചെലവാക്കിയില്ലെന്നാണ് ഭരണപക്ഷം അവകാശപ്പെടുന്നത്. ചെലവില്ലാതെ പൊങ്കാല നടത്തിയത് നേട്ടാമായി ഭരണപക്ഷം കൗണ്‍സിലില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഇത്തവണത്തേത് നേട്ടമാണമെങ്കില്‍ കഴിഞ്ഞ തവണ എന്തിന് ഇത്രയധികം തുകമാറ്റി വെച്ചെന്ന് ചോദിച്ച് പ്രതിപക്ഷം തിരിച്ചടിച്ചു. 

അഴിമതിക്കാര്‍ എന്ന് വിളിച്ചത് മേയറെയും ഭരണപക്ഷത്തേയും പ്രകോപിപ്പിച്ചു.വ്യക്തിപരമായ അധിക്ഷേപമെന്ന് ആരോപിച്ച് മേയറും പ്രതിരോധിച്ചതോടെ കൗണ്‍സില്‍യോഗത്തില്‍ ബഹളമായി.