പണ്ടാര അടുപ്പില്‍ മാത്രമായി ആറ്റുകാല്‍ പൊങ്കാല; വീടുകളില്‍ പൊങ്കാലയിട്ട് ഭക്തര്‍

ചരിത്രത്തിലാദ്യമായി ആറ്റുകാല്‍ പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമായി. പൊതുയിടങ്ങളിലൊന്നും ഇക്കുറി പൊങ്കാല അടുപ്പുകള്‍ നിരന്നില്ലെങ്കിലും വീടുകളില്‍ ആയിരക്കണക്കിന് ഭക്തര്‍ പൊങ്കാലയിട്ടു. വൈകിട്ട് മൂന്ന് നാല്‍പ്പതിനാണ് നിവേദ്യം.

തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടിത്തീര്‍ത്തതോടെ ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തി പി. ഈശ്വരന്‍ നമ്പൂതിരിക്ക് കൈമാറി. അദ്ദേഹം ക്ഷേത്ര തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാലയടുപ്പില്‍ തീ പകര്‍ന്നു. തുര്‍ന്ന് സഹമേല്‍ശാന്തിക്ക് കൈമാറിയ ദീപം ക്ഷേത്രമുറ്റത്ത് ഒരുക്കിയ പണ്ടാര അടുപ്പിലേക്ക് പകര്‍ന്നു

ജനപ്രതിനിധികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍

ഇതോടെ ആറ്റുകാല്‍ ക്ഷേത്ര ഉല്‍സവത്തോടനുബന്ധിച്ചുള്ള പ്രധാനചടങ്ങള്‍ പൂര്‍ത്തിയായി. വൈകുന്നേരമാണ് പുറത്തെഴുന്നള്ളിപ്പും കുത്തിയോട്ടവും താലപ്പൊലിയും. കുത്തിയോട്ടത്തിനു ഇത്തവണ ഒരുബാലന്‍ മാത്രം. നിയന്ത്രണങ്ങളോടെ താലപ്പൊലി നേര്‍ച്ചഉണ്ടാകുമെങ്കിലും  പുറത്തെഴുന്നള്ളിപ്പ് സമയത്ത് നിറപറയെടുക്കലും തട്ടനിവേദ്യവും ഉണ്ടാകില്ല.