കാപ്പുകെട്ടി ദേവിയെ കുടിയിരുത്തും; ആറ്റുകാൽ പൊങ്കാല ഉൽസവത്തിന് തുടക്കം

തിരുവനന്തപുരം ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉല്‍സവത്തിന് ഇന്ന് തുടക്കം. രാവിലെ പത്തേമുക്കാലിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തോറ്റംപാട്ട് ആരംഭിക്കും. കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുകയാണെങ്കില്‍ കൂടുതല്‍ ഭക്തരെ അനുവദിക്കാനാണ് ഭരണസമിതി തീരുമാനം.

ക്ഷേത്രമുറ്റത്ത് തോറ്റംപാട്ടിനുള്ള ഓലപ്പന്തല്‍ തയാറായി. രാവിലെ പത്തന്‍പതിന് തോറ്റംപാട്ട് തുടങ്ങും. ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയാണ്  പൊങ്കാല ദിവസമായ പതിനേഴ് വരെ പാടുക. 

ഉല്‍സവദിനങ്ങളായതോടെ ക്ഷേത്രദര്‍ശനത്തിനെത്തുന്നവരുടെ എണ്ണവും കൂടി. കോവിഡ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം.കുംഭമാസത്തിലെ പൂരംനാളും പൗര്‍ണമിയും ഒത്തുചേരുന്ന ഒന്‍പതാം ഉല്‍സവദിവസമായ പതിനേഴിനാണ് പൊങ്കാല. ഇത്തവണയും  പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാലയിടാം. കുത്തിയോട്ടത്തിനും ഇക്കുറി ഒരുബാലന്‍ മാത്രമെ ഉണ്ടാകൂ.പത്തൊന്‍പതിന് പുലര്‍ച്ചെ ഒന്നിന് കുരുതിതര്‍പ്പണതോടെ ഉല്‍സവത്തിന് സമാപനമാകും.