റോഡ് വികസനം; തണലേകിയ ആൽമരം മുറിച്ചു മാറ്റാതെ മാറ്റി നട്ടു

റോഡ് വികസനത്തിന്‍റെ ഭാഗമായി മുറിച്ചുമാറ്റേണ്ടിയിരുന്ന ആല്‍മരം മറ്റൊരു സ്ഥലത്തേക്ക് മാറ്റി നട്ടു. കണ്ണൂര്‍ പിലാത്തറ ടൗണില്‍ തണലായി നിന്ന ആല്‍മരം നാട്ടുകാരും സന്നദ്ധ സംഘടനകളും ചേര്‍ന്നാണ് സംരക്ഷിച്ചത്.

റോഡ് വികസനത്തിന്‍റെ ഭാഗമായി നിരവധി മരങ്ങളാണ് നശിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ, മരങ്ങള്‍ സംരക്ഷിക്കണം എന്ന സന്ദേശം മുന്നോട്ടുവച്ചാണ് പിലാത്തറയില്‍ ആല്‍മരം പിഴുതെടുത്ത് മറ്റൊരു സ്ഥലത്ത് നട്ടുപിടിപ്പിച്ചത്. പിലാത്തറ ടൗണിലെ കെട്ടിടത്തോട് ചേര്‍ന്നായിരുന്നു ആല്‍മരം ഉണ്ടായിരുന്നത്. ജെ സി ബി ഉപയോഗിച്ച് കെട്ടിടത്തിന്‍റെ ചുമരുകള്‍ തകര്‍ത്തു. ആല്‍മരം പിഴുതെടുത്ത് ഒന്നര കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റി നട്ടു. ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന ദൗത്യം വിജയമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

പിലാത്തറ ഡോട്ട് കോം ഓണ്‍ലൈന്‍ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ആല്‍മരം നട്ടത്. പിലാത്തറയിലെ നാട്ടുകാരും ഓട്ടോ–ടാക്സി തൊഴിലാളികളും, വ്യാപാരികളും വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തകരും പിന്തുണയുമായെത്തി.