മിഠായിത്തെരുവിലെ ഗതാഗത നിയന്ത്രണം; ഇളവ് വരുത്താൻ ആലോചന; മേയർ

കോഴിക്കോട് മിഠായിത്തെരുവില്‍ നിലവിലെ ഗതാഗതനിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ ആലോചന. വ്യാപാരികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് വാഹനങ്ങള്‍ കടത്തിവിടുന്നതിനുള്ള സമയം നീട്ടുന്നത് പരിശോധിക്കുമെന്ന് മേയര്‍ അറിയിച്ചു. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിക്കും. 

രണ്ട് വര്‍ഷം മുന്‍പ് നവീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മിഠായിത്തെരുവില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രാത്രികാലങ്ങളില്‍ വ്യാപാരികള്‍ക്ക് സാധനങ്ങള്‍ കൊണ്ടുവരാനുള്ള ഇളവ് ഇപ്പോഴും തുടരുന്നു. പൈതൃക തെരുവിന്റെ സ്വാഭാവികത നഷ്ടപ്പെടാതെ നോക്കുന്നതിനാണ് നിയന്ത്രണം വന്നത്. വ്യാപാരികള്‍ പലപ്പോഴും കടുത്ത ഭിന്നത അറിയിച്ചിരുന്നു. വാഹനമെത്താത്തതിനാല്‍ കച്ചവടം ഗണ്യമായി കുറഞ്ഞെന്നും കടുത്ത സാമ്പത്തിക നഷ്ടമുണ്ടെന്നും പരാതി ഉയര്‍ന്നു. വ്യാപാരികള്‍ സമരമുഖത്തേക്കുമിറങ്ങി. ചര്‍ച്ച പലതും പരാജയപ്പെട്ടു. കോവിഡ് ഭീതിയില്‍ കഴിഞ്ഞ ഒരുവര്‍ഷമായി പലപ്പോഴായി മിഠായിത്തെരുവിന് പൂട്ട് വീണു. പുതിയ ഭരണസമിതി ചുമതലയേറ്റതിന് പിന്നാലെയാണ് പൂര്‍ണതോതില്‍ വാഹനം അനുവദിക്കണമെന്ന ആവശ്യമുയര്‍ന്നത്. നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കാനാകില്ലെന്നും സാധനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള സമയക്രമം കൂട്ടുന്ന കാര്യം പരിശോധിക്കുമെന്നും മേയര്‍ അറിയിച്ചു. 

എസ്.കെ.പൊറ്റെക്കാട് വഴിയുള്ള പ്രവേശന കവാടത്തില്‍ വാഹനങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമുണ്ടാകും. മറ്റ് ഭാഗങ്ങളിലൂടെ വാഹനത്തിന് വന്ന് പോകാനുള്ള വഴിയൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മേയറും എം.പിയും, എം.എല്‍.എയും വ്യാപാരികളും ഉള്‍പ്പെടുന്ന സംഘം യോഗം ചേരും. മിഠായിത്തെരുവിനുള്ളില്‍ വാഹനം നിര്‍ത്തിയിടാനുള്ള നിലവിലെ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി രൂപരേഖ തയാറാക്കുന്നതിനാണ് തീരുമാനം.