ടാറിങ് പൊളിഞ്ഞ് റോഡ് കുഴിയായി; ബാലുശേരിയിൽ പ്രതിഷേധം ശക്തം

സംസ്ഥാന പാതയായ കോഴിക്കോട് ബാലുശേരി റോഡ് നവീകരിക്കാത്തതിനാല്‍ പ്രതിഷേധം ശക്തം. തകര്‍ന്ന റോഡ് ഗതാഗതകുരുക്കിനും അപകടത്തിനും കാരണമായിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.

മിനിറ്റില്‍ നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. മിക്കയിടത്തും ടാറിങ് പൊളിഞ്ഞ് റോഡ് കുഴിയായി മാറിയിരിക്കുന്നു. വീതി കൂട്ടി നവീകരിക്കാന്‍ കിഫ്ബിയില്‍‌ പദ്ധതിയുണ്ടെങ്കിലും നടപടി നീളുകയാണ്. കുഴികളടച്ച് റീടാറിങ് നടത്തി താല്‍ക്കാലിക ആശ്വാസം പകരാന്‍ ആറുകോടി അനുവദിച്ചിരുന്നു. ഈ തുകയ്ക്ക് കരാറെടുക്കാന്‍ ആരും തയ്യാറാകാത്താതണ് പ്രതിസന്ധി. ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലൂടെയാണ് പാത കടന്നുപോകുന്നത്.

റീടാറിങിന് കൂടുതല്‍ പണം അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊതുമരാമത്ത് വകുപ്പ്.