പണിതിട്ടും പണിതിട്ടും പണിതീരുന്നില്ല; നാടിന്റെ സ്വപ്നമായി സഞ്ചാരപാത

പണിതിട്ടും പണിതിട്ടും പണിതീരാതെ കാസർകോട് വലിയപറമ്പ് പഞ്ചായത്തിലെ ഓരിമുക്ക്-ഏഴിമല റോഡ്. സുഗമമായ യാത്രാസൗകര്യം ഇല്ലാതെ കഷ്ടതയനുഭവിക്കുന്ന തീരദേശ ജനതയുടെ സഞ്ചാരത്തിനുള്ള ഏക പ്രതീക്ഷയാണ് ഈ റോഡ്. സാധന സാമഗ്രികൾ ലഭിക്കാത്തത് കൊണ്ട് നിർമാണം മുടങ്ങുന്നു എന്നാണ് കരാറുകാരന്റെ വിശദീകരണം.

വലിയപറമ്പ് പഞ്ചായത്തിലെ തൃക്കരിപ്പൂർ കടപ്പുറത്തേക്ക് പോകുന്ന ഒരേയൊരു റോഡിന്റെ  അവസ്ഥയാണി കാണുന്നത്. സുഗമമായ സഞ്ചാര പാതയ്ക്കായി വർഷങ്ങളായി കാത്തിരിക്കുന്ന തീരദേശ ജനത ഇന്നും കുണ്ടുംകുഴിയും താണ്ടിയാണ് മറുകരയെത്തുന്നത്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ഒന്നും രണ്ടും ഘട്ട പ്രവൃത്തികൾ പൂർത്തിയാക്കിയെങ്കിലും പഞ്ചായത്തിന്റെ തെക്കേ അറ്റമായ തൃക്കരിപ്പൂർ കടപ്പുറം മേഖലയിലേക്ക് പ്രവേശിച്ചതോടെയാണ് റോഡ് പണി ഇഴഞ്ഞുതുടങ്ങിയത്. 

വലിയപറമ്പ് പഞ്ചായത്തിന്റെ തെക്കന്‍ മേഖലയിലെ ഗതാഗതപ്രശ്നത്തിന് പരിഹാരമായി പി.കരുണാകരന്‍ എം.പിയായിരുന്ന കാലത്താണ് റോഡ് നിര്‍മാണം ആരംഭിച്ചത്. പത്തുകോടി രൂപയുടെതാണ് പദ്ധതി. ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസിനെ മാത്രം ആശ്രയിച്ചു കഴിയുന്ന തീരദേശ ജനങ്ങൾക്ക് റോഡ് വലിയ ആശ്വാസമാകും എന്ന് കരുതിയ റോഡിന്റെ നിർമാണമാണ് അനിശ്ചിതമായി നീളുന്നത്.