കാട്ടാനശല്യത്തിൽ പൊറുതിമുട്ടി കണ്ണൂരിന്‍റെ മലയോരമേഖല; പ്രതിഷേധം

കണ്ണൂരിലെ മലയോരമേഖലകളില്‍ കാട്ടാന ശല്യത്തിന് പരിഹാരമില്ല. ആറളം, പായം, അയ്യപ്പന്‍കാവ് പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ വീണ്ടും കാട്ടാനയിറങ്ങി. വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

പായം മുക്കിലാണ് ആദ്യം കാട്ടാനയെ കണ്ടത്. തുടര്‍ന്ന് ആറളം, ചാക്കാട്, അയ്യപ്പന്‍കാവ് തുടങ്ങിയ സ്ഥലങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന പരിഭ്രാന്തി പരത്തി. ഈ പ്രദേശങ്ങളില്‍ ഒന്നര മണിക്കൂറോളം ഭീതി പരത്തിയ കാട്ടാന ആറളം ഫാമിലേക്ക് കടന്നു. പലരും തലനാരിഴയ്ക്കാണ് ആനയുടെ മുന്നില്‍ നിന്നും രക്ഷപ്പെട്ടത്. പുഴയില്‍ കുളിക്കാനും അലക്കാനും എത്തിയവര്‍ക്ക് ഭയന്നോടുന്നതിനിടയില്‍ പരുക്കേറ്റു. ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനയിറങ്ങി ആളുകളെ അക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും പതിവാണ്. കാട്ടാനയിറങ്ങുന്നത് തടയാന്‍ വനം വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. കാട്ടാനയുടെ ആക്രമണത്തില്‍ മലയോര മേഖലയിലുള്ള നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.