338 ഏക്കർ വനഭൂമിയിൽ സുവോളജിക്കൽ പാർക്ക്; നിർമാണം അന്തിമഘട്ടത്തിൽ

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കിന്റെ നിർമാണം തൃശൂർ പുത്തൂരിൽ സജീവമായി പുരോഗമിക്കുന്നു. കൂടുകളുടെ നിർമാണം അന്തിമഘട്ടത്തിൽ. തൃശൂർ മൃഗശാല ഡിസംബറോടെ സുവോളജിക്കൽ പാർക്കിലേക്ക് മാറും.

മുന്നൂറ്റിമുപ്പത്തിയെട്ട് ഏക്കർ വനഭൂമിയിലാണ് സുവോളജിക്കൽ പാർക്ക്. മുന്നൂറ്റിയറുപത് കോടി രൂപയാണ് നിർമാണ ചെലവ്. കിഫ്ബിയിൽ നിന്ന് 270 കോടി  രൂപ അനുവദിച്ചിരുന്നു. 2018ൽ ആരംഭിച്ച ഒന്നാംഘട്ട നിർമാണം അവസാനഘട്ടത്തിലാണ്. മൃഗങ്ങൾക്കായി 19  കൂടുകൾ സ്ഥാപിച്ചു വരികയാണ്. മൃഗങ്ങൾക്ക് സ്വതന്ത്രമായി നടക്കാൻ പാകത്തിലാണ് ഓരോ കൂടുകളും. ഇരുന്പുവേലി കൊണ്ടുള്ള കൂടുകളല്ല. മൃഗങ്ങൾ കാഴ്ചക്കാരുടെ അടുത്തേയ്ക്കു വരാതിരിക്കാൻ കിടങ്ങുകൾ കുഴിക്കും. ഇങ്ങനെ, ആധുനിക രീതിയിലാണ് സുവോളജിക്കൽ പാർക്ക് ഒരുങ്ങുന്നത്.

കോവിഡ് വന്ന ശേഷം നാനൂറിലേറെ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് തിരിച്ചടിയായത്. നൂറിലേറെ തൊഴിലാളികൾ മടങ്ങി വന്നതോടെ നിർമാണ ജോലികൾ വീണ്ടും തുടങ്ങി. ബാറ്ററി നിർമിത വാഹനങ്ങളിൽ സുവോളജിക്കൽ പാർക്ക് ചുറ്റിക്കാണാനുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.