അതിഥി തൊഴിലാളികള്‍ മടങ്ങി; സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിര്‍മാണം പ്രതിസന്ധിയിൽ

അതിഥി തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങിയതോടെ ഒട്ടേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിര്‍മാണം യഥാസമയത്ത് പൂര്‍ത്തിയാക്കാനാകാതെ കരാറുകാര്‍. 

നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 75 ശതമാനം തൊഴിലാളികളും നാടുകളിലേക്ക് മടങ്ങി പോയതോടെയാണ് മേഖല പ്രതിസന്ധിയിലായത്.

സര്‍ക്കാര്‍ കെട്ടിടങ്ങളുടെ കരാറുകാരായ നിര്‍മാണ്‍ ഗ്രൂപ്പില്‍ മാത്രം 650 ഇതരസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. തൊഴിലാളി ക്യാംപുകളിലെത്തി നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുളളവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തേടിയതോടെ 500 പേരും മടങ്ങിപ്പോയി. ഇതോടെ പദ്ധതികളെല്ലാം സമയത്ത് പൂര്‍ത്തിയാക്കാനാവാതെ പാതിവഴിയില്‍ നിലച്ചു. 

കോഴിക്കോട് മെഡിക്കല്‍ കോളജിലേയും ദന്തല്‍ കോളജിലേയും വിവിധ കെട്ടിടങ്ങളുടെ നിര്‍മാണം, കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളജ്, പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, തിരൂര്‍ ജില്ലാശുപത്രിയിലെ 30 കോടിയുടെ ഒാങ്കോളജി കെട്ടിടം, ഇരിങ്ങാലക്കുട കോടതി സമുഛയം തുടങ്ങി ഒട്ടേറെ നിര്‍മാണങ്ങളാണ് ഇതരസംസ്ഥാന തൊഴിലാളിക്ഷാമം മൂലം ഈ ഒരു കരാറുകാര്‍ക്കു മാത്രം  പൂര്‍ത്തിയാക്കാനാവാത്തത്. 

അതിഥിതൊഴിലാളികളുടെ സേവനമില്ലാതെ കേരളത്തിലെ നിര്‍മാണമേഖല സജീവമാകില്ലെന്നാണ് കരാറുകാര്‍ വ്യക്തമാക്കുന്നത്.