കരിപ്പൂർ വിമാനത്താവളം; സമീപവാസികളുടെ ദുരിതത്തിന് പരിഹാരമാകുന്നു

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മതില്‍ തകര്‍ന്നു വീണും വെളളം ഒഴുകിയെത്തിയുമുളള സമീപവാസികളുടെ ദുരിതത്തിന് പരിഹാരമാവുന്നു. മലപ്പുറം കലക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.

ശക്തമായ മഴക്കിടെ കഴിഞ്ഞ ദിവസവും കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ മതില്‍ ഇടിഞ്ഞു വീണ് സമീപത്തെ മൂന്നു വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്നുളള മലിനജലം ഒലിച്ചെത്തി പരിസരത്തെ കിണറുകള്‍ മലീമസമായി. തകര്‍ന്നു നില്‍ക്കുന്ന മതിലുകളുടെ അറ്റകുറ്റ പണി പോലും നടത്തുന്നില്ലെന്ന പരാതി ഉയര്‍ന്നതോടെയാണ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്. വിമാനത്താവള വളപ്പില്‍ പുതിയ ഒാടകള്‍ നിര്‍മിക്കാനും വെളളം സുരക്ഷിതമായി ഒഴുക്കിക്കളയാനുമുളള പദ്ധതിക്ക് രൂപം നല്‍കി.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എല്ലാ മഴക്കാലത്തും വിമാനത്താവള പരിസരത്തെ കുടുംബങ്ങള്‍ ഭീതിയോടെയാണ് ജീവിക്കുന്നത്. നാട്ടുകാര്‍ക്ക് വലിയ നഷ്ടമുണ്ടായിട്ടും എയര്‍പോര്‍ട്ട് അതോറിറ്റി ഗൗനിക്കുന്നില്ലെന്ന കാലങ്ങളായുളള പരാതിക്കാണ് പരിഹാരമായത്.