മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു; കനത്ത ജാഗ്രത

മലപ്പുറം പരപ്പനങ്ങാടിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പാലത്തിങ്ങലിലെ വീടിനുപുറകില്‍ ചത്ത നിലയില്‍ കണ്ടെത്തിയ പക്ഷികളുടെ രക്തസാംപിളുകള്‍ പരിശോധിച്ചതിനെത്തുടര്‍ന്നാണ് സ്ഥിരീകരണം. രോഗവ്യാപനം തടയാൻ ഒരു കിലോമീറ്റർ ചുറ്റളവിൽ 4000 പക്ഷികളെ കൊന്നൊടുക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

  

നാല് ദിവസങ്ങൾക്ക് മുൻപാണ് പരപ്പനങ്ങാടി പാലത്തിങ്ങലിലെ രണ്ടു വീടുകളിൽ നിന്നായി 15 പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഒരു വീട്ടിൽ നിന്ന് 9 കോഴികളെയും , മറ്റൊരു വീട്ടിൽ നിന്ന് 5 കോഴികളെയും ഒരു താറാവിനെയും ചത്ത നിലയിൽ കണ്ടെത്തി. പക്ഷിപ്പനി ഭീതിയുണ്ടായിരുന്നതിനാൽ ഇവയുടെ സാംപിളുകൾ ഭോപ്പാലിലേക്കയച്ച് വിദഗ്ധ പരിശോധന നടത്തിയതിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയാൻ പക്ഷികൾ ചത്ത പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിൽ 4000 പക്ഷികളെ കൊന്നൊടുക്കാനാണ് തീരുമാനം.

10 കിലോമീറ്റർ ചുറ്റളവിൽ പക്ഷി ഇറച്ചിയുടെയും മുട്ടയുടെയും വിൽപന നിരോധിക്കാനും തീരുമാനമായി. കോഴിക്കോടിനു പുറമെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും .