പക്ഷിപ്പനി വന്ന താറാവുകളെ വീടുകൾക്ക് സമീപം കത്തിച്ചു; പ്രതിഷേധം

വൈക്കംവെച്ചൂരിൽ പക്ഷിപ്പനി വന്ന താറാവുകളെ വീടുകൾക്ക് സമീപം കത്തിച്ചതിനെതിരെ പ്രതിഷേധം. കഴിഞ്ഞ ദിവസം കത്തിച്ച സ്ഥലത്ത് നിന്ന് മാറി വീടുകൾക്ക് സമീപം പുതിയ ചിതഒരുക്കിയതാണ് പ്രദേശവാസികളുടെ പ്രതിഷേധത്തിനു കാരണമായത്. സ്ഥലവാസികൾ തുടക്കത്തിൽ തന്നെ മൃഗസംരക്ഷണ വകുപ്പിനെപരാതി അറിയിച്ചിട്ടും നടപടി ഉണ്ടാകാതെ വന്നതാണ് പഞ്ചായത്തിനും ഉദ്യോഗസ്ഥർക്കുമെതിരെ പ്രതിഷേധം ഉണ്ടാകാൻ കാരണം. 

കഴിഞ്ഞ ദിവസം താറാവുകളെ കത്തിച്ചപ്പോള്‍ പുക ഉയര്‍ന്നത് സമീപത്തെ വീടുകളിലെ കുട്ടികള്‍ക്കും പ്രായം ചെന്നവര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കി. രണ്ടാംദിവസവും പാടശേഖരത്തിലെ പുറംബണ്ടിൽ താറാവുകളെ കത്തിച്ചപ്പോള്‍ സമീപ വീടുകളിലേക്കും പുക വ്യാപിച്ചു. ഇതോടൊപ്പം കാറ്റിൽ പ്രദേശത്ത് ദുർഗന്ധവും പരന്നതോടെ നാട്ടുകാര്‍ സംഘടിച്ചു. ആൾ താമസം കുറഞ്ഞ പ്രദേശത്ത് പഞ്ചായത്തിന്‍റെ അനുമതിയോടെയാണ് താറാവുകള്‍ കത്തിച്ചതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ വാദം. ആദ്യം കത്തിച്ച സ്ഥലത്ത് നിന്ന് മാറ്റി പുത്തൻ കരി പാടത്തിന്‍റെ പുറംബണ്ടിലാണ് രണ്ടാം ദിവസംചിത ഒരുക്കിയത്. ഇവിടെ 2475 തറാവുകളെയും 9 കോഴികളെയും നശിപ്പിച്ചു. തുടക്കത്തിലെ പരാതി പറഞ്ഞ നാട്ടുകാരോട് മറ്റ് സ്ഥലം കണ്ടെത്താമെന്ന് പറഞ്ഞ ശേഷം വാക്കു മാറ്റിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. 

പ്രദേശത്തെകുടുംബങ്ങൾക്ക് താൽക്കാലിക താമസവും ഭക്ഷണവുമൊരുക്കാമെന്ന് പറഞ്ഞെതോടെയാണ് പ്രതിഷേധം തണുത്തത്.  പ്രതിഷേധക്കാര്‍ പഞ്ചായത്ത് പ്രസിഡന്‍റുമായി ചര്‍ച്ച നടത്തുന്നതിനിടെ പൊലീസ് സംരക്ഷണയില്‍ താറാവുകളെ കത്തിച്ചു. മൃഗസംരക്ഷണവകുപ്പിന്‍റെ നടപടിക്കെതിരെ പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം.