പക്ഷിപ്പനി; കർഷകർക്ക് നഷ്ടപരിഹാരം വേഗത്തിൽ; കേന്ദ്രസംഘമെത്തി

പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം ആലപ്പുഴ ജില്ലകളില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി. ജില്ലാ കലക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ സംഘം രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളും സന്ദര്‍ശിച്ചു. രോഗം മനുഷ്യരിലേക്ക് പടരുന്നത് തടയാനുള്ള പ്രതിരോധ നടപടികള്‍ ഉള്‍പ്പെടെ സംഘം വിലയിരുത്തി. 

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സംഘമാണ് ഇരു ജില്ലകളിലും പരിശോധന നടത്തുന്നത്. മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യതകളും പ്രതിരോധ നടപടികളും വിലയിരുത്തുകയുമാണ് സന്ദര്‍ശന ലക്ഷ്യം. നിലവില്‍ സ്വീകരിച്ച പ്രതിരോധ നടപടികളില്‍ സംഘം തൃപ്തി അറിയിച്ചു. കലക്ടറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലും സംഘം നേരിട്ടെത്തി. ആലപ്പുഴ കരുവാറ്റയില്‍ പക്ഷികളെ കൊന്നൊടുക്കുന്ന നടപടികളും സംഘം വിലയിരുത്തി. 

H5N8 വിഭാഗത്തില്‍പ്പെട്ട വൈറസുകളാണ് രോഗം പടര്‍ത്തിയത്. ഈ വൈറസ് നിലവില്‍ മനുഷ്യരിലേക്ക് പടരില്ലെന്നാണ് കണ്ടെത്തല്‍ എന്നാല്‍ ജനിതകമാറ്റമുണ്ടായാല്‍ രോഗം മനുഷ്യരിലേക്കും എത്തും. ഇത് കണ്ടെത്താന്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിലും പരിശോധനകള്‍ തുടരുകയാണ്. പക്ഷിപ്പനിയുണ്ടായ പ്രദേശത്ത് മനുഷ്യര്‍ക്ക് പനിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടോയെന്ന് അറിയാന്‍ സര്‍വേ പുരോഗമിക്കുന്നു. പക്ഷികളെ കൊല്ലാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എച്ച്1എന്‍1 പ്രതിരോധമരുന്ന് നല്‍കു. കോട്ടയം ജില്ലയില്‍ രോഗം നിയന്ത്രണവിധേയമായെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പക്ഷികളെ കൊന്നൊടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍  ഒരാഴ്ചക്കാലം പത്ത് കിലോമീറ്റര്‍ ചുറ്റള്ളവില്‍ നിരീക്ഷണം തുടരും. രോഗ വ്യാപനമുണ്ടായിട്ടില്ലെന്ന് സ്ഥിരീകരിക്കുന്നതിനായി വളര്‍ത്തുപക്ഷികളില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കും. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതും വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ നീക്കം.