നാടാകെ കൈകോര്‍ത്തു; മണ്ണിലും മനസിലും നൂറുമേനി വിളഞ്ഞു; ഊഷ്മളക്കാഴ്ച

vegetable
SHARE

നാടൊന്നിച്ച് നട്ട് നനച്ചുണ്ടാക്കിയ ജൈവപച്ചക്കറി ഒന്നുപോലെ പങ്കിട്ടെടുത്ത് സ്നേഹ കൂട്ടായ്മ. കനത്ത ചൂടിനിടയിലും കൃഷിയിടം തരിശിടാതെ അധ്വാനവും ആഘോഷവുമെല്ലാം ഒരേമനസോടെ. പാലക്കാട് ചൂലന്നൂർ മേപ്പാടം സമൃദ്ധി ജനകീയ കൂട്ടായ്മയാണ് മുന്നൂറിലധികം വീടുകളിലേക്ക് സൗജന്യമായി പച്ചക്കറിയെത്തിക്കുന്നത്.   

സ്നേഹം ചുരത്തുന്ന ചുരയ്ക്ക. മനം നിറയ്ക്കുന്ന മത്തൻ. വേണ്ടുവോളം വെള്ളരിയും, വെണ്ടയും ചീരയും. നിരവധിപേരുടെ വിയർപ്പിന്റെ ഫലം. ഇതിൽ ഒരെണ്ണം പോലും വിലനല്‍കി വാങ്ങാമെന്ന് കരുതേണ്ട. നട്ടുണ്ടാക്കാൻ കൂടെ നിന്നവർക്കും നാട്ടാർക്കും ഒരേ അളവില്‍ വീതിച്ച് വീട്ടിലെത്തിക്കും. പണമൊന്നും വേണ്ട. കഴിയുമെങ്കിൽ അടുത്ത തവണയും വിളയിറക്കാൻ കൂടണമെന്ന് മാത്രം. ശരീരം തളര്‍ത്തുന്ന ചൂടിനിടയിലും കൃഷി നേട്ടമെന്ന് ഇവര്‍ തെളിയിക്കുകയാണ്. നാടാകെ കൈകോര്‍ത്താല്‍ മണ്ണിലും മനസിലും നൂറുമേനി വിളയും.   

സമൃദ്ധി കൂട്ടായ്മ ഈ ആശയം നടപ്പാക്കിയിട്ട് പത്ത് വര്‍ഷത്തിലേറെയായി. ഓരോ വര്‍ഷവും ജൈവ പച്ചക്കറി വിതരണത്തിന്റെ തോത് കൂടിക്കൊണ്ടേയിരിക്കുന്നു. നെൽകൃഷി പാട്ടത്തിനെടുത്ത് വിളവിറക്കുന്നതിലൂടെ കിട്ടുന്ന ലാഭമാണ് പച്ചക്കറി കൃഷിയുടെ ചെലവിന് ഉപയോഗിക്കുന്നത്. മാതൃകാ പദ്ധതിക്ക് കൃഷി വകുപ്പിന്റെയും സഹായമുണ്ട്. രാവിലെയും വൈകിട്ടും കൃഷിയിടത്തിലിറങ്ങി വിയർക്കാൻ മനുസുള്ളവരാണ് കരുത്ത്. ഇതൊരു നാടിന്റെ മനസാണ്. സ്നേഹമാണ്. രാഷ്ട്രീയം പറയാതെ മതമില്ലാതെ വലുപ്പ ചെറുപ്പമില്ലാതെ മണ്ണറിഞ്ഞ് പകുത്തെടുക്കുന്ന കാലം. അവര്‍ ഇനിയും നട്ടു നനയ്ക്കട്ടെ ഓരോരോ വീടുകളിലും പച്ചക്കറി സമൃദ്ധി തുടരട്ടെ. 

Palakkad vegetable farming story

MORE IN KERALA
SHOW MORE