പക്ഷിപ്പനി; ഹരിപ്പാട് താറാവുകളെയും വളർത്തുപക്ഷികളെയും കൊല്ലുന്നു

പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ഹരിപ്പാട് വഴുതാനം പാടശേഖരത്തിൽ താറാവുകളെയും വളർത്തുപക്ഷികളെയും കൊന്നു നശിപ്പിക്കുന്ന നടപടികൾ തുടങ്ങി. രണ്ടുദിവസം കൊണ്ട് ഇരുപതിനായിരത്തിൽ അധികം  പക്ഷികളെ കൊന്ന് കത്തിക്കും. രോഗം വ്യാപിക്കാതിരിക്കാൻ 10 കിലോമീറ്റർ  ചുറ്റളവിൽ  നിരീക്ഷണവും പ്രതിരോധ നടപടികളും തുടങ്ങി.

ഹരിപ്പാട് വഴുതാനം പാടശേഖരത്തെ രണ്ട് കർഷകരുടെ 20000 താറാവുകളെയും ഒരുകിലോമീറ്റർ ചുറ്റളവിലെ വളർത്തുപക്ഷികളെയുമാണ് കൊല്ലുന്നത്. താറാവുകളെ കൊന്ന് കത്തിച്ച് തുടങ്ങി. വളർത്തുപക്ഷികളെ നാളെ കൊല്ലും.

പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവ്  കർഷകർ സാമ്പത്തിക പ്രതിസന്ധിയിലായി. പക്ഷിപ്പനി വ്യാപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സമീപപ്രദേശങ്ങളിലെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഹരിപ്പാട് മുനിസിപ്പാലിറ്റിയിലും അടുത്ത 15 പഞ്ചായത്തുകളിലും താറാവ്, കോഴി, കാട എന്നിവയുടെ മാംസവും മുട്ടയും വിൽക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.