കുട്ടനാട്ടിലും കോട്ടയത്തും പക്ഷിപ്പനി; താറാവുകളെ കൊന്നടുക്കുന്നു

കുട്ടനാട്ടിലും, കോട്ടയത്തും പക്ഷിപ്പനി ബാധിച്ച മേഖലയിലെ താറാവുകളെ കൊന്നൊടുക്കുന്ന നടപടികൾ പുരോഗമിക്കുന്നു. രോഗ ബാധ കണ്ടെത്തിയതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലെ താറാവുകളെയാണ് കൊല്ലുന്നത്. കുട്ടനാട്ടില്‍ വിറക് സമയത്ത് എത്താത്തത് കാരണം ഉച്ചയ്ക്ക് ശേഷമാണ് താറാവുകളെ കത്തിച്ചുനശിപ്പിക്കാന്‍ തുടങ്ങിയത്.

കോട്ടയത്ത് മൃഗസംരക്ഷണവകുപ്പിന്റെ പത്ത് ദ്രുതകർമസേന സംഘങ്ങളെയാണ് താറാവുകളെ കൊല്ലാൻ നിയോഗിച്ചിട്ടുള്ളത്. വെച്ചൂർ, അയ്മനം, കല്ലറ പഞ്ചായത്തുകളിലായി മുപ്പതിനായിരത്തിലേറെ പക്ഷികളെ നശിപ്പിക്കേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൂന്ന് ദിവസത്തിനകം നടപടികൾ പൂർത്തിയാക്കും. രോഗം സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ താറാവ്, കോഴി, കാട, വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി  വിപണനവും  നിരോധിച്ചിട്ടുണ്ട്. പത്ത് കിലോമീറ്റർ ചുറ്റളവിലും നിയന്ത്രണങ്ങൾ തുടരും.  പ്രദേശങ്ങളിൽ ശക്തമായ പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തി. 

നെടുമുടി പഞ്ചായത്തിലെ നാല്, 12, 15 വാർഡുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകളെ കൊന്നൊടുക്കാനാണ് തീരുമാനും . തുടർച്ചയായ വർഷങ്ങളിൽ പക്ഷിപ്പനി ബാധിക്കാൻ തുടങ്ങിയതോടെ താറാവ് കൃഷിയുമായി മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. താറാവുകളെ കത്തിക്കാനുള്ള വിറകില്ലാത്തത് കുട്ടനാട്ടിൽ പ്രതിസന്ധിയായി