അരിക്കുളത്തെ വയല്‍നികത്തൽ; നടപടിയുമായി റവന്യൂ വകുപ്പ്

കോഴിക്കോട് കൊയിലാണ്ടി അരിക്കുളത്തെ വയല്‍നികത്തലിനെതിരെ നടപടിയുമായി റവന്യൂ വകുപ്പ്. രാത്രിയുെട മറവില്‍ പാടത്ത് നിക്ഷേപിച്ച മണ്ണ് സ്ഥലം ഉടമയുെട ചെലവില്‍ നീക്കം ചെയ്തു. കൊയിലാണ്ടി ഡെപ്യുട്ടി തഹസില്‍ദാരുടെ നേതൃത്വത്തിലാണ് മണ്ണ് മാറ്റിയത്.   

അരിക്കുളം, പുളിയാംകടവത്ത് താഴം, പറമ്പത്ത് തുടങ്ങിയ മേഖലില്‍ വ്യാപകമായി നിലംനികത്തുന്നതായി പരാതിയുണ്ട്. രാത്രിയിലും അവധി ദിവസങ്ങളിലുമാണ് ടിപ്പറില്‍ മണ്ണടിച്ചിരുന്നത്. ടിപ്പറില്‍ ഒരെണ്ണം കഴിഞ്ഞ ഞായറാഴ്ച റവന്യൂ വകുപ്പ് പിടികൂടിയിരുന്നു. പിന്നാലെയുള്ള  അന്വേഷണത്തിലാണ് വിവിധയിടങ്ങളിലെ നിലംനികത്തിലിനെക്കുറിച്ച് തെളിവ് ലഭിച്ചത്. സ്വന്തം ചെലവില്‍ മണ്ണ് നീക്കാമെന്ന് നികത്തിയവര്‍ എഴുതി നല്‍കി. റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മണ്ണ് കരഭൂമിയിലേക്ക് മാറ്റി. 

രണ്ടാഴ്ചയ്ക്കിടെ കൊയിലാണ്ടി റവന്യൂ ഉദ്യോഗസ്ഥര്‍ ഇരുപതിലധികം ലോഡ് മണ്ണാണ് പിടികൂടിയത്. പതിനൊന്ന് വാഹനങ്ങളും പിടിച്ചെടുത്തു. നിയമലംഘനങ്ങള്‍ പിടികൂടാന്‍ ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘത്തിന്റെ പരിശോധന തുടരും.