സർക്കാർ കുടിശിക നൽകിയാൽ നെല്ലുസംഭരണത്തിന് തയ്യാർ: സ്വകാര്യ മില്ലുടമകൾ

സർക്കാർ നൽകാനുള്ള കുടിശിക നൽകിയാൽ നെല്ലു സംഭരണത്തിന് തയ്യാറാണെന്ന് സ്വകാര്യ മില്ലുടമകൾ. സഹകരണ സംഘങ്ങൾ വഴിയുള്ള നെല്ലുസംഭരണം മുന്‍കാലങ്ങളില്‍ പരാജയപ്പെട്ടതാണ്. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മില്ലുടമകള്‍ പാലക്കാട്ട് പറഞ്ഞു.

സ്വകാര്യമില്ലുകളെ ഒഴിവാക്കി സ‌ഹകരണ സംഘങ്ങള്‍ വഴിയുളള നെല്ലുസംഭരണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തെങ്കിലും നടപടിക്രമങ്ങള്‍ വൈകുന്നത് കര്‍ഷകരെ ബാധിക്കുന്നു. അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാതെ സഹകരണസംഘങ്ങള്‍ നെല്ലു സംഭരിക്കുന്നതാണ് വെല്ലുവിളി. മുന്‍കാലങ്ങളില്‍ പരാജയപ്പെട്ട നടപടിയാണിതെന്നാണ് സ്വകാര്യമില്ല് ഉടമകളുടെ സംഘടനയായ കേരള റൈസ് മില്‍ അസോസിയേഷന്‍ പറയുന്നത്. ക്രമക്കേടുകളും നടന്നിരുന്നു. 

 52 സ്വകാര്യമില്ലുകള്‍ നെല്ല് സംഭരിക്കാന്‍ തയ്യാറാണ്. സര്‍ക്കാര്‍ നല്‍കാനുളള 16 കോടി രൂപയും പ്രളയബാധ്യതയും ഒഴിവാക്കണം. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സഹകരണസംഘങ്ങളുമായി സ്വകാര്യമില്ലുടമകള്‍ സഹകരിക്കില്ല.  സപ്ളൈക്കോയുമായി കരാറിലേര്‍പ്പെട്ട അഞ്ചു മില്ലുകള്‍ വഴി 152 ലോഡ് നെല്ല് മാത്രമാണ് പാലക്കാട് ജില്ലയില്‍ ഇതുവരെ സംഭരിച്ചത്.